ഖത്തറിലേക്ക് പ്രവേശിക്കുന്ന വിദേശ യാത്രികരുടെ ഹോട്ടൽ ക്വാറന്റീൻ ബുക്കിംഗ് നടപടികളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ അറിയിച്ചു. 2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാനുള്ള ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റ അറിയിപ്പിനെ തുടർന്നാണ് ഡിസ്കവർ ഖത്തർ ക്വാറന്റീൻ ബുക്കിംഗ് മാനദണ്ഡങ്ങൾ പുതുക്കാൻ തീരുമാനിച്ചത്.
ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിലാണ് ഈ അറിയിപ്പ് നൽകിയിട്ടുള്ളത്. https://www.qatarairwaysholidays.com/qa-en/welcome-home-7-night-booking/overview എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്. നിലവിൽ പുതിയ ഹോട്ടൽ ക്വാറന്റീൻ പാക്കേജുകൾ വെബ്‌സൈറ്റിലേക്ക് ചേർക്കുന്ന നടപടികൾ പുരോഗമിക്കുന്നതായും, പുതിയ ബുക്കിങ്ങുകൾ ഉടൻ തന്നെ ആരംഭിക്കുമെന്നും ഡിസ്കവർ ഖത്തർ അറിയിച്ചിട്ടുണ്ട്.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് (ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് ചെയ്യുന്നവർ ഉൾപ്പടെ) ക്വാറന്റീനിനായി അധികൃതർ പ്രത്യേകം തിരഞ്ഞെടുത്തിട്ടുള്ള ഹോട്ടലുകളിൽ താമസിക്കേണ്ടിവരുമെന്നും ഡിസ്കവർ ഖത്തർ അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവരുടെ ഹോട്ടൽ ബുക്കിങ്ങുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങളും ഡിസ്കവർ ഖത്തർ നൽകിയിട്ടുണ്ട്.
ഏപ്രിൽ 28, 23:59-ന് മുൻപായി എത്തുന്ന യാത്രികരുടെ നിലവിലുള്ള ബുക്കിങ്ങുകൾ സംബന്ധിച്ച അറിയിപ്പ്
- നിലവിൽ ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളവരും, ഏപ്രിൽ 28-ന് ദോഹ സമയം 23:59-ന് മുൻപായി ഖത്തറിൽ പ്രവേശിക്കുന്നവരുമായ യാത്രികർക്ക്, അവരുടെ ഹോട്ടൽ ബുക്കിങ്ങുകളിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച് യാത്രികർ ദോഹയിലെത്തുന്ന വേളയിൽ അധികൃതർ അറിയിപ്പ് നൽകുന്നതാണ്.
- ഇത്തരത്തിൽ നിലവിലുള്ള ബുക്കിങ്ങുകളിൽ മാറ്റങ്ങൾ വരുന്നവർക്ക് പുതിയ ഹോട്ടലുകളിലേക്ക് മാറുന്നതിനായി കൂടുതൽ തുക നൽകേണ്ടതായി വരുന്നതല്ല.
ഏപ്രിൽ 29-ന് ദോഹ സമയം 00:00-ന് ശേഷം എത്തുന്ന യാത്രികരുടെ നിലവിലുള്ള ബുക്കിങ്ങുകൾ സംബന്ധിച്ച അറിയിപ്പ്
- നിലവിൽ ഹോട്ടൽ ബുക്ക് ചെയ്തിട്ടുള്ളവരും, ഏപ്രിൽ 29-ന് ദോഹ സമയം 00:00-ന് ശേഷം എത്തുന്നവരുമായ യാത്രികരുടെ ഹോട്ടൽ ബുക്കിംഗ് മാറ്റങ്ങൾ സംബന്ധിച്ച് അധികൃതർ ഇമെയിൽ മുഖേനെ അറിയിപ്പ് നൽകുന്നതാണ്. ഇത്തരം യാത്രികർ ഇമെയിലിൽ നൽകിയിട്ടുള്ള വിവരങ്ങൾ അനുസരിച്ച് പുതിയ ഹോട്ടൽ ബുക്കിംഗ് നിർവഹിക്കേണ്ടതതാണ്.
- ഇത്തരത്തിലുള്ള പുതിയ ബുക്കിങ്ങിന് ആവശ്യമായി വരുന്ന തുക യാത്രികർ പൂർണ്ണമായും നൽകേണ്ടതാണ്. ഇവരുടെ ക്യാൻസലായ ആദ്യ ബുക്കിംഗ് റീഫണ്ട് 15 പ്രവർത്തി ദിവസത്തിനകം നൽകുന്നതാണ്.
ഏപ്രിൽ 26 മുതൽ നടത്തുന്ന പുതിയ ഹോട്ടൽ ബുക്കിങ്ങുകളുമായി ബന്ധപ്പെട്ട അറിയിപ്പ്
- ഇത്തരത്തിൽ പുതിയ ബുക്കിംഗ് നടത്തുന്ന യാത്രികർ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നല്ല സഞ്ചരിക്കുന്നതെങ്കിൽ ഈ രാജ്യങ്ങൾക്കായി പ്രത്യേകം മാറ്റിവെച്ചിട്ടുള്ള ക്വാറന്റീൻ ഹോട്ടലുകളിൽ ഒരു കാരണവശാലും ബുക്ക് ചെയ്യരുത്. ഇത്തരത്തിൽ തെറ്റായി ഹോട്ടൽ ബുക്ക് ചെയ്യുന്നവർക്ക് ഹോട്ടലിലേക്ക് ചെക്ക്-ഇൻ അനുവദിക്കില്ല. ഇവർക്ക് റീഫണ്ട് നൽകുന്നതല്ല.
- ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവർ അവർക്കായി പ്രത്യേകം ഒരുക്കിയിട്ടുള്ള ഹോട്ടലുകളിൽ ക്വാറന്റീൻ ബുക്കിംഗ് നടത്തേണ്ടതാണ്.
ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്നും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും ഈ തീരുമാനം ബാധകമാണെന്നും ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 26-ന് രാത്രി അറിയിച്ചിരുന്നു. ഇന്ത്യയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.