ലോകകപ്പ് ടിക്കറ്റില്ലാത്ത വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്ന പദ്ധതിയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റ് നേടിയിട്ടുള്ള വ്യക്തികൾക്ക്, അവരുടെ ഹയ്യ കാർഡ് ഉപയോഗപ്പെടുത്തിക്കൊണ്ട്, ടിക്കറ്റില്ലാത്ത പരമാവധി മൂന്ന് വിദേശികളെ വരെ ഖത്തറിലേക്ക് പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള പ്രത്യേക പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ അറിയിച്ചു. 2022 ഒക്ടോബർ 6-ന് ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പങ്ക് വെച്ചത്.

‘ഹയ്യ വിത്ത് മീ (1+3)’ എന്ന ഈ പദ്ധതി പ്രകാരം, ഹയ്യ കാർഡ് കൈവശമുള്ള വിദേശികൾക്ക് ഫിഫ വേൾഡ് കപ്പ് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ പരമാവധി മൂന്ന് പേരെ വരെ ഖത്തറിലേക്ക് കൊണ്ട് വരാവുന്നതാണ്. ടിക്കറ്റ് നേടിയിട്ടുള്ള ഫുട്ബോൾ ആരാധകരുടെ കുടുംബാംഗങ്ങൾക്ക് ലോകകപ്പ് കാലയളവിൽ അവരോടൊപ്പം ഖത്തർ സന്ദർശിക്കുന്നതിന് ഈ പദ്ധതി അവസരമൊരുക്കുന്നു.

ഹയ്യ കാർഡ് നേടിയിട്ടുള്ളവർക്കും, ഫിഫ വേൾഡ് കപ്പ് ടിക്കറ്റ് നമ്പർ ഉപയോഗിച്ച് അപേക്ഷിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് ഈ പദ്ധതി ഉപയോഗപ്പെടുത്താൻ കഴിയുക. ടിക്കറ്റില്ലാത്ത എല്ലാ പ്രായപരിധിയിലുള്ളവരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവർക്ക് സാധുതയുള്ള പാസ്സ്‌പോർട്ട് ഉണ്ടായിരിക്കണം. ഖത്തർ ഐഡി ഉള്ളവരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാകില്ല.

ഇവർക്ക് ഖത്തറിലെത്തിയ ശേഷമുള്ള താമസസൗകര്യം സംബന്ധിച്ച സ്ഥിരീകരണം നിർബന്ധമാണ്. ‘ഹയ്യ വിത്ത് മീ (1+3)’ എന്ന ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവർ 500 റിയാൽ ഫീസ് ഇനത്തിൽ നൽകേണ്ടതാണ്. ഇത് തിരികെ ലഭിക്കുന്നതല്ല.

‘ഹയ്യ വിത്ത് മീ (1+3)’ എന്ന ഈ പദ്ധതി പ്രകാരം അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ https://www.qatar2022.qa/en/news/international-hayya-card-holders-can-now-invite-three-non-ticketed-fans-to-attend-qatar-2022 എന്ന വിലാസത്തിൽ ലഭ്യമാണ്.

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റിനായുള്ള വലിയ തിരക്ക് കണക്കിലെടുത്ത്, മത്സരങ്ങളുടെ ടിക്കറ്റില്ലാത്തവർക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്ന ഒരു പ്രത്യേക പദ്ധതിയ്ക്ക് രൂപം നൽകിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അൽ ജമാൽ നേരത്തെ അറിയിച്ചിരുന്നു.