ഫിഫ ലോകകപ്പ് ഖത്തർ 2022 നടക്കുന്നതിനൊപ്പം ആരാധകർക്കായി ഒരു പ്രത്യേക ഫുട്ബോൾ ടൂർണമെന്റ്റ് സംഘടിപ്പിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. 2022 സെപ്റ്റംബർ 11-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഫാൻസ് കപ്പ് എന്ന ഈ ടൂർണമെന്റ് ലോകകപ്പിൽ മത്സരിക്കുന്ന 32 രാജ്യങ്ങളുടെയും ആരാധകരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സംഘടിപ്പിക്കുന്നത്. 2022 നവംബർ 29 മുതൽ ഡിസംബർ 2 വരെയാണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അൽ ബിദ്ധ പാർക്കിൽ നടക്കുന്ന ഫിഫ ഫാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഈ മത്സരങ്ങൾ.
സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിക്കുന്ന, ഓരോ ടീമിലും അഞ്ച് പേർ വീതം പങ്കെടുക്കുന്ന രീതിയിൽ നടക്കുന്ന, ഈ ടൂർണമെന്റിൽ ഫിഫ ലോകകപ്പിന്റെ മാതൃകയിൽ തന്നെയാണ് മത്സരങ്ങൾ നടത്തുന്നത്. ഗ്രൂപ്പ് ഘട്ടം മത്സരങ്ങൾ, തുടർന്നുള്ള നോക്ക്-ഔട്ട് ഘട്ടങ്ങളായ റൌണ്ട് ഓഫ് 16, ക്വാർട്ടർ, സെമി-ഫൈനൽ, ഫൈനൽ എന്നിവയിലൂടെയായിരിക്കും വിജയിയെ കണ്ടെത്തുന്നത്.
ഓരോ ടീമിലും അംഗമാകുന്നവർ 18 വയസിന് മുകളിൽ പ്രായമുള്ള അതാത് രാജ്യങ്ങളിലെ പൗരന്മാരോ, ആ രാജ്യങ്ങളിലെ നിവാസികളോ ആയിരിക്കണം. ഇവർക്ക് ഫിഫ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനുള്ള ഔദ്യോഗിക ടിക്കറ്റ് ഉണ്ടായിരിക്കണം. രെജിസ്ട്രേഷൻ സമയത്ത് ഈ ടിക്കറ്റ് നമ്പർ നൽകേണ്ടതാണ്.
മത്സരത്തിൽ പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർ സ്വന്തം ചെലവിൽ ഖത്തറിലെത്തേണ്ടതാണ്. യാത്രാ ചെലവിന് പുറമെ ഇവരുടെ താമസം, മറ്റു ചെലവുകൾ എന്നിവ സ്വയം വഹിക്കേണ്ടതാണെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഓരോ ടീമിലും ചുരുങ്ങിയത് സബ്സ്റ്റിട്യൂട്ട് കളിക്കാർ ഉൾപ്പടെ ഏഴ് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. മത്സരസമയത്ത് കളിക്കളത്തിൽ ഒരു സമയം അഞ്ച് കളിക്കാർ വീതമാണ് ഉണ്ടായിരിക്കുക.
https://www.qatar2022.qa/en/community-engagement/our-tournaments/fans-cup എന്ന വിലാസത്തിലൂടെ ടീം രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇതിനായി പങ്കെടുക്കുന്ന ഓരോ കളിക്കാരുടെയും ലോകകപ്പ് ടിക്കറ്റ് നമ്പർ ആവശ്യമാണ്. ടീമുകളുടെ രജിസ്‌ട്രേഷൻ പൂർത്തിയായ ശേഷം വിജയികൾക്കുള്ള സമ്മാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പങ്ക്‌വെക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്.
Cover Photo: Supreme Committee for Delivery & Legacy (@roadto2022news)