സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ 2022 ഒക്ടോബർ 1 മുതൽ രണ്ടാഴ്ചത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 സെപ്റ്റംബർ 29-ന് രാത്രിയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
സബാഹ് അൽ അഹ്‌മദ് കോറിഡോറിൽ അൽ മാർഖിയ സ്ട്രീറ്റ് മുതൽ താനി ബിൻ ജാസ്സിം ഇന്റർസെക്ഷൻ വരെയുള്ള ഭാഗത്താണ് രാത്രികാലങ്ങളിലുള്ള ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2022 ഒക്ടോബർ 1, ശനിയാഴ്ച മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഗതാഗത നിയന്ത്രണം.
ഈ കാലയളവിൽ ദിനവും രാത്രി 12 മണി മുതൽ പുലർച്ചെ 5 മണിവരെയാണ് (വെള്ളിയാഴ്ചകളിൽ പുലർച്ചെ 2 മുതൽ രാവിലെ 9 വരെ) ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മേഖലയിലെ കാൽനട യാത്രികർക്കുള്ള പാലത്തിലെ ലൈറ്റിംഗ് സംബന്ധമായ പണികൾക്കായാണ് ഈ നിയന്ത്രണം.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്ന സമയങ്ങളിൽ തെക്ക് ദിശയിൽ സഞ്ചരിക്കുന്നവർക്ക് വലത്തോട്ട് എൻവിറോണ്മെന്റ് സ്ട്രീറ്റിലേക്ക് തിരിഞ്ഞ് അൽ ഖറാഫ സ്ട്രീറ്റ് ദിശയിൽ അൽ ദുഹൈൽ ഇന്റർസെക്ഷനിലേക്ക് സഞ്ചരിക്കാവുന്നതാണ്. തുടർന്ന് മുഹമ്മദ് ബിൻ താനി ഇന്റർസെക്ഷൻ, താനി ബിൻ ജാസ്സിം ഇന്റർസെക്ഷൻ എന്നിവ വഴി സബാഹ് അൽ അഹ്മദ് കോറിഡോറിലെത്താവുന്നതാണ്.
Cover Image: Qatar News Agency.