ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണ്ണമെന്റിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 യാത്രാ മാനദണ്ഡങ്ങളെക്കുറിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി. 2022 സെപ്റ്റംബർ 29-നാണ് ഖത്തർ അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇത് പ്രകാരം വിദേശത്ത് നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന ഹയ്യ കാർഡ് ഉടമകൾക്ക്, ഇവരുടെ COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് കണക്കിലെടുക്കാതെ തന്നെ താഴെ പറയുന്ന യാത്രാ നിബന്ധനകൾ ബാധകമാണ്:
- ആറ് വയസിന് മുകളിൽ പ്രായമുള്ള യാത്രികർ ഖത്തറിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇതിന് പകരമായി യാത്ര പുറപ്പെടുന്നതിന് മുൻപ് 24 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ ടെസ്റ്റ് റിസൾട്ടും ഉപയോഗിക്കാവുന്നതാണ്. ഇത്തരം പരിശോധനകൾ യാത്ര പുറപ്പെടുന്ന രാജ്യത്തെ അംഗീകൃത ലാബുകളിൽ നടത്തേണ്ടതാണ്. ഈ പരിശോധനാ ഫലങ്ങൾ എയർപോർട്ടിലെ ചെക്ക്-ഇൻ കൗണ്ടറിൽ നൽകേണ്ടതാണ്.
- ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് PCR ഫലം ആവശ്യമില്ല.
- ഖത്തറിലേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. വാക്സിനേഷൻ സ്റ്റാറ്റസ്, യാത്ര പുറപ്പെടുന്ന രാജ്യം എന്നിവ കണക്കിലെടുക്കാതെ തന്നെ മുഴുവൻ യാത്രികർക്കും ഈ ഇളവ് ബാധകമാണ്.
- ഖത്തറിൽ വെച്ച് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർ ഖത്തർ ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ഐസൊലേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
- ഖത്തറിലെത്തിയ ശേഷം യാത്രികർക്ക് COVID-19 ടെസ്റ്റുകൾ ആവശ്യമില്ല.
- ഖത്തറിൽ നിന്ന് മടങ്ങുന്നവർക്ക്, അവർ യാത്ര പൂർത്തിയാക്കുന്ന രാജ്യത്തെ നിബന്ധനകൾ പ്രകാരം ടെസ്റ്റുകൾ നിർബന്ധമാക്കിയിട്ടുള്ള സാഹചര്യത്തിലൊഴികെ, COVID-19 ടെസ്റ്റുകൾ ആവശ്യമില്ല.
- ഖത്തറിലെത്തുന്ന മുഴുവൻ പേരും തങ്ങളുടെ ഫോണുകളിൽ EHTERAZ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. രാജ്യത്തെ ഇൻഡോർ പൊതുഇടങ്ങളിൽ പ്രവേശിക്കുന്നതിന് EHTERAZ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.
- ഹയ്യ കാർഡ് ഉടമകൾക്ക് അടിയന്തിര, അത്യാഹിത ചികിത്സാസേവനങ്ങൾ നേടുന്നതിന് രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ അർഹതയുണ്ടായിരിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. എങ്കിലും ടൂർണമെന്റിനെത്തുന്ന ആരാധകർ ആരോഗ്യ പരിരക്ഷ ഉൾപ്പെടുന്ന ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച നിബന്ധനകൾ:
- ഖത്തറിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
- ഖത്തറിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
https://www.qatar2022.qa/en/news/covid-19-travel-return-policy-for-international-fans-attending-this-years-fifa-world-cup എന്ന വിലാസത്തിൽ ഈ നിർദ്ദേശങ്ങൾ ലഭ്യമാണ്.
ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.