ഖത്തർ: മോഡേണ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നൽകി

Qatar

മോഡേണ നിർമ്മിക്കുന്ന COVID-19 വാക്സിൻ രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് ഖത്തർ അനുമതി നൽകി. 2021 ഫെബ്രുവരി 10 ബുധനാഴ്ച്ച രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് അടിയന്തിര വാക്സിനേഷൻ നടപടികളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകുന്ന രണ്ടാമത്തെ COVID-19 വാക്സിനാണിത്. നേരത്തെ ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനും ഖത്തർ ഇത്തരത്തിൽ അനുമതി നൽകിയിരുന്നു. ഫൈസർ വാക്സിൻ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികൾ രാജ്യത്ത് പുരോഗമിക്കുകയാണ്.

മോഡേണ COVID-19 വാക്സിൻ സംബന്ധിച്ച സമഗ്രമായ വിശകലനങ്ങൾക്കും, പരിശോധനകൾക്കും ശേഷമാണ് ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്മെന്റ് ഓഫ് ഫാർമസി ആൻഡ് ഫാർമസ്യൂടിക്കൽ കൺട്രോൾ ഇതിന് അംഗീകാരം നൽകാൻ തീരുമാനിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. യു എസ് എ, കാനഡ, യു കെ തുടങ്ങിയ രാജ്യങ്ങൾ ഈ വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.

ലോകത്തെമ്പാടും ഈ വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ കുത്തിവെപ്പ് നൽകിയ സന്നദ്ധസേവകരുടെ കണക്കുകളും അധികൃതർ സമഗ്രമായി പരിശോധിച്ചിരുന്നു. വാക്സിന്റെ സുരക്ഷ, സഫലത തുടങ്ങിയ നിരവധി ഘടകങ്ങൾ വിശകലനം ചെയ്ത ശേഷമാണ് അധികൃതർ ഫൈസർ വാക്സിനു അടിയന്തിര അനുമതി നൽകിയിട്ടുള്ളത്.

വിലയിരുത്തലുകൾക്ക് ശേഷം ഈ വാക്സിൻ സുരക്ഷിതമാണെന്നാണ് കണ്ടെത്തിയതെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് വിഭാഗം തലവൻ ഡോ. അബ്ദുലത്തീഫ് അൽ ഖാൽ അറിയിച്ചു. താമസിയാതെ ഖത്തറിലെ ദേശീയ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ഫൈസർ വാക്‌സിനൊപ്പം, മോഡേണ COVID-19 വാക്സിൻ കൂടി ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി പ്രവാസികൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 60-ൽ നിന്ന് 50 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. വാക്സിനേഷനിൽ പങ്കെടുക്കുന്നതിന് https://app-covid19.moph.gov.qa/en/instructions.html എന്ന വിലാസത്തിലൂടെ അപേക്ഷിക്കാവുന്നതാണ്.