ഖത്തർ: ജൂൺ 1 മുതൽ മദ്ധ്യാഹ്ന സമയങ്ങളിൽ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് പ്രവർത്തന വിലക്കേർപ്പെടുത്തും

featured GCC News

2025 ജൂൺ 1 മുതൽ വേനൽക്കാലം അവസാനിക്കുന്നതു വരെ മദ്ധ്യാഹ്ന സമയങ്ങളിൽ ഡെലിവറി ബൈക്ക് ജീവനക്കാർക്ക് ഖത്തർ താത്‌കാലിക പ്രവർത്തന വിലക്കേർപ്പെടുത്തും. 2025 മെയ് 29-ന് ഖത്തർ മിനിസ്ട്രി ഓഫ് ലേബറാണ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2025 ജൂൺ 1 മുതൽ 2025 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ദിനവും രാവിലെ 10 മണി മുതൽ വൈകീട്ട് 3:30 വരെയാണ് മോട്ടോർസൈക്കിൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾ നിർത്തിവെക്കുന്നത്.

ഖത്തറിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2025 ജൂൺ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഡെലിവറി ബൈക്ക് ജീവനക്കാർക്കും മദ്ധ്യാഹ്ന സമയങ്ങളിൽ പ്രവർത്തന വിലക്കേർപ്പെടുത്തുന്നത്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഇതോടെ 2025 ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ദിനവും രാവിലെ 10 മണി മുതൽ വൈകീട്ട് 3:30 വരെ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡെലിവറി സേവനങ്ങൾക്കായി കാറുകൾ പോലുള്ള വാഹനങ്ങൾ ഉപയോഗിക്കേണ്ടിവരുന്നതാണ്.