ഖത്തർ: അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

Qatar

രാജ്യത്തെ അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2022 ജനുവരി 30-ന് ആരംഭിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ പ്രായവിഭാഗക്കാർക്കുള്ള വാക്സിൻ എല്ലാ ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ നിന്നും ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ പ്രായവിഭാഗക്കാർക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ നൽകുന്നതിന് അധികൃതർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയതായും മന്ത്രാലയം വ്യക്തമാക്കി. ഈ പ്രായവിഭാഗത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നിർബന്ധമല്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അഞ്ച് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫൈസർ ബയോഎൻടെക് COVID-19 വാക്സിന്റെ രണ്ട് ഡോസുകളാണ് നൽകുന്നത്. ആദ്യ ഡോസ് കുത്തിവെപ്പിന് ശേഷം മൂന്നാഴ്‌ച്ചത്തെ ഇടവേളയോടെയാണ് രണ്ടാം ഡോസ് നൽകുന്നത്.

ഈ പ്രായവിഭാഗക്കാർക്കിടയിൽ ഫൈസർ ബയോഎൻടെക് COVID-19 വാക്സിൻ സുരക്ഷിതവും, ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി. മുതിർന്നവർക്ക് നൽകുന്ന വാക്സിന്റെ മൂന്നിലൊന്ന് അളവാണ് ഈ പ്രായവിഭാഗക്കാർക്ക് ഒരു ഡോസ് എന്ന രീതിയിൽ നൽകുന്നത്. 40277077 എന്ന PHCC ഹോട്ട് ലൈൻ ഉപയോഗിച്ച് കൊണ്ട് ഈ പ്രായവിഭാഗക്കാർക്ക് വാക്സിൻ ലഭിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.