വിവിധ തട്ടിപ്പുകൾ ലക്ഷ്യമിട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ കസ്റ്റംസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. 2025 ജൂലൈ 15-നാണ് ഖത്തർ കസ്റ്റംസ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
رسالة واحدة كافية لسرقة معلوماتك!#جمارك_قطر pic.twitter.com/gGEdgsCydP
— الهيئة العامة للجمارك (@Qatar_Customs) July 15, 2025
ഖത്തർ കസ്റ്റംസ് അതോറിറ്റിയിൽ നിന്നുള്ളതെന്ന വ്യാജേനെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങളെക്കുറിച്ചും, അവയിൽ അടങ്ങിയിട്ടുള്ള വ്യാജ ലിങ്കുകളെക്കുറിച്ചും പൗരന്മാരും, നിവാസികളും ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വ്യാജ കസ്റ്റംസ് പാഴ്സലുകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ഇത്തരം സന്ദേശങ്ങൾ ഉപഭോക്താക്കളോടെ തങ്ങളുടെ അഡ്രസ് ഉൾപ്പടെയുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതായും, വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് കൊണ്ട് പണമിടപാടുകൾ നടത്താൻ ആവശ്യപ്പെടുന്നതായും അതോറിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദേശങ്ങൾ ഖത്തർ കസ്റ്റംസ് അതോറിറ്റിയിൽ നിന്നുള്ളതല്ലെന്നും അവ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ എന്നിവ ഉൾപ്പടെ ചോർത്തുന്നത് ലക്ഷ്യമിട്ട് ക്രിമിനൽ സംഘങ്ങൾ അയക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഖത്തർ കസ്റ്റംസ് അതോറിറ്റിയിൽ നിന്നുള്ള സന്ദേശങ്ങൾ ഔദ്യോഗിക നമ്പറുകളിൽ നിന്ന് മാത്രമാണ് അയക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്കിരയാകാതിരിക്കുന്നതിനായി സംശയകരമായ സ്രോതസ്സുകളിൽ നിന്നുള്ള സന്ദേശങ്ങൾ തുറക്കാതിരിക്കുകയും, ഇവയിൽ അടങ്ങിയിട്ടുള്ള വ്യാജ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുകയും, സ്വകാര്യ വിവരങ്ങൾ, ബാങ്കിങ് വിവരങ്ങൾ എന്നിവ ഓൺലൈനിലൂടെ പങ്ക് വെക്കുന്ന അവസരത്തിൽ അതീവ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്.
Cover Image: Pixabay.

