ഖത്തറിൽ ട്രാഫിക്ക് ലംഘനങ്ങൾക്ക് പിടിച്ചെടുക്കപ്പെട്ട ശേഷം മൂന്ന് മാസത്തിലധികമായി ട്രാഫിക്ക് ഡിപ്പാർട്മെൻറിന്റെ കൈവശം തുടരുന്ന വാഹനങ്ങൾ 30 ദിവസത്തിനകം പിഴ തീർത്ത് തിരിച്ചെടുക്കാൻ വാഹന ഉടമകൾക്ക് അധികൃതർ അന്ത്യശാസനം നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കാണ് ഇത്തരം ഒരു നിർദ്ദേശം പുറത്തിറക്കിയത്. നവംബർ 18, ബുധനാഴ്ച്ചയാണ് ഡയറക്ടറേറ്റ് ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഇത്തരത്തിൽ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങളുടെ പിഴ തുകകളും, മറ്റു അനുബന്ധ ചാർജുകളും അടച്ച ശേഷം ഉടമസ്ഥർക്ക് വാഹനങ്ങൾ തിരികെ നേടാവുന്നതാണ്. ഇതിനായി ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 52-ലുള്ള ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ നേരിട്ടെത്തി ഇതിന്റെ നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്.
നവംബർ 18 മുതൽ മുപ്പത് ദിവസത്തെ സമയമാണ് ഇത്തരം വാഹനങ്ങൾ തിരികെയെടുക്കുന്നതിനായി ഉടമകൾക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് നൽകിയിട്ടുള്ളത്. ഈ കാലയളവിൽ തിരികെയെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതാണെന്നും ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.