ബഹ്‌റൈൻ: മാർച്ച് 14 മുതൽ വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

featured GCC News

2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 14 മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കുന്നത്.

മാർച്ച് 11-ന് വൈകീട്ടാണ് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ നാഷണൽ മെഡിക്കൽ ടാസ്ക്ഫോഴ്‌സുമായി കൂടിയാലോചിച്ച ശേഷമാണ് മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.

ബഹ്‌റൈനിൽ താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാർച്ച് 14 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടെത്തുന്നതിന് അനുമതി നൽകുന്നതാണ്:

  • പൊതു, സ്വകാര്യ സ്‌കൂളുകൾ.
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
  • പൊതു, സ്വകാര്യ യൂണിവേഴ്സിറ്റികൾ.
  • നഴ്‌സറികൾ, കിന്റർഗാർട്ടനുകൾ.
  • പൊതു മേഖലയിലെ പുനരധിവാസ കേന്ദ്രങ്ങൾ.
  • സ്വകാര്യ ട്രെയിനിങ്ങ് സ്ഥാപനങ്ങൾ.

ഈ തീരുമാനത്തിന്റെ ഭാഗമായി, മാർച്ച് 14 മുതൽ രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്ക് നേരിട്ട് അയക്കാവുന്നതാണ്. എന്നാൽ ഇത് നിർബന്ധമാക്കിയിട്ടില്ലെന്നും, വിദൂര പഠന രീതി തുടരാൻ താത്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യം നൽകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിന്റെ ഭാഗമായി COVID-19 നിയന്ത്രണങ്ങളിൽ മാർച്ച് 14 മുതൽ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.