ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ ഡിസംബർ 31 വരെ നീട്ടിയതായി അധികൃതർ വ്യക്തമാക്കി. രാജ്യത്തേക്ക് പ്രവേശിക്കുന്ന ഖത്തർ പൗരന്മാർ, റെസിഡൻസി വിസകളിലുള്ളവർ എന്നിവരുൾപ്പടെ മുഴുവൻ യാത്രികർക്കും ബാധകമായിട്ടുള്ള ക്വാറന്റീൻ നിർദ്ദേശങ്ങൾ നിലവിൽ ഈ വർഷം അവസാനം വരെ തുടരാൻ തീരുമാനിച്ചതായി ഡിസ്കവർ ഖത്തർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അറിയിച്ചത്.
രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് ക്വാറന്റീൻ താമസത്തിനായുള്ള ഹോട്ടൽ ബുക്കിംഗ് ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിലൂടെയാണ് ലഭ്യമാകുന്നത്. https://www.discoverqatar.qa/welcome-home/ എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്.
നേരത്തെ ക്വാറന്റീൻ നിർദ്ദേശങ്ങൾ ഒക്ടോബർ 31 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. നിലവിൽ ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ നവംബർ, ഡിസംബർ മാസങ്ങളിലേക്കുള്ള ബുക്കിംഗ് സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഖത്തർ പൗരന്മാർ, പ്രത്യേക എൻട്രി പെർമിറ്റുകൾ (Exceptional Entry Permit) ലഭിച്ച ഖത്തർ വിസകളിലുള്ളവർ എന്നീ വിഭാഗക്കാർക്കാണ് നിലവിൽ രാജ്യത്തേക്ക് പ്രവേശനാനുമതി നൽകുന്നത്.