രാജ്യത്തെ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങളോട് പ്രതികരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കായി ഖത്തർ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. 2026 മാർച്ച് 8-ന് രാത്രിയാണ് ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) ഇത്തരം ഒരു പൊതു മാർഗ്ഗനിർദ്ദേശം നൽകിയത്.
إرشادات توضيحية حول كيفية التصرف عند تلقي رسائل نظام الإنذار المبكر، والإجراءات الواجب اتباعها في المواقف المختلفة، مع التأكيد على أهمية الالتزام بالتعليمات الصادرة عن الجهات الرسمية.
— مكتب الاتصال الحكومي (@GCOQatar) March 8, 2026
Guidance on how to respond when early warning alerts are received and what to do in different… pic.twitter.com/lAju08imin
ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിലൂടെ ലഭിക്കുന്ന മുന്നറിയിപ്പുകളോട് എങ്ങിനെ പ്രതികരിക്കണമെന്ന് ഖത്തറിലെ നിവാസികൾക്ക് അവബോധം നൽകുന്നത് ലക്ഷ്യമിട്ടാണ് GCO ഇത്തരം ഒരു അറിയിപ്പ് നൽകിയിരിക്കുന്നത്.
വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയിൽ, വീടിനുള്ളിലുള്ള അവസരങ്ങളിൽ, പൊതുഇടങ്ങളിലുള്ള അവസരങ്ങളിൽ, തൊഴിലിടങ്ങളിലുള്ള അവസരങ്ങളിൽ തുടങ്ങിയ വിവിധ സാഹചര്യങ്ങൾക്കുള്ള സുരക്ഷാ നടപടിക്രമങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇത്തരം അടിയന്തര മുന്നറിയിപ്പ് ലഭിക്കുന്ന അവസരങ്ങളിൽ ശാന്തത പാലിക്കേണ്ടതിന്റെയും, അധികൃതർ നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെയും വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകേണ്ടതിന്റെയും പ്രാധാന്യം GCO ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളാണ് ഖത്തർ GCO അറിയിച്ചിരിക്കുന്നത്:
ജാഗ്രതാ അറിയിപ്പുകൾ ലഭിക്കുന്ന അവസരത്തിൽ പാലിക്കേണ്ട പൊതുവായ നിർദ്ദേശങ്ങൾ:
- അധികൃതർ നൽകുന്ന ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പാലിക്കുക.
- അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീട് വിട്ട് പുറത്തിറങ്ങുന്നത് ഒഴിവാക്കുക.
- ജാഗ്രത പാലിക്കുക, ഔദ്യോഗിക അറിയിപ്പുകൾ നിരീക്ഷിക്കുന്നത് തുടരുക.
വാഹനമോടിക്കുന്ന അവസരത്തിൽ ജാഗ്രതാ മുന്നറിയിപ്പ് ലഭിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
- നിങ്ങളുടെ ലക്ഷ്യസ്ഥാനത്തോ, സുരക്ഷിതമായ ഒരു സ്ഥലത്തോ എത്തുന്നതുവരെ ശാന്തമായും ശ്രദ്ധയോടെയും വാഹനമോടിക്കുന്നത് തുടരുക.
- മറ്റു വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കുക. വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കുക.
- വാഹനമോടിക്കുന്നതിനിടയിൽ വീഡിയോ പകർത്തുക, അനാവശ്യമായി വാഹനം നിർത്തുക, മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ അശ്രദ്ധമായ ശീലങ്ങൾ കർശനമായും ഒഴിവാക്കേണ്ടതാണ്.
- സുരക്ഷിതമായ ഒരു സ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം, സുരക്ഷിതമായ ഒരിടത്ത് അഭയം തേടേണ്ടതാണ്. തുടർന്ന് ഭീഷണി ഇല്ലാതായതായി സ്ഥിരീകരിക്കുന്ന അറിയിപ്പിനായി കാത്തിരിക്കുക.
വീടിനുള്ളിൽ അല്ലെങ്കിൽ മറ്റൊരു കെട്ടിടത്തിനുള്ളിലുള്ള അവസരത്തിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
- ഒരു കെട്ടിടത്തിനുള്ളിൽ ആയിരിക്കുന്നത് ആക്രമണങ്ങളിൽ നിന്ന് കൂടുതൽ സുരക്ഷ നൽകുന്നു.
- കെട്ടിടങ്ങളുടെ ജനാലകളിൽ നിന്നും തുറന്നിരിക്കുന്ന സ്ഥലങ്ങളിൽ നിന്നും അകന്നു നിൽക്കേണ്ടതാണ്.
- കെട്ടിടത്തിനുള്ളിൽ സുരക്ഷിതമായ ഒരു സ്ഥലത്ത് അഭയം തേടുക.
- തുടർന്ന് ഭീഷണി അവസാനിച്ചുവെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായെന്നും സ്ഥിരീകരിക്കുന്ന ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുക.
പൊതുഇടങ്ങളിലുള്ള അവസരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് ലഭിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
- ശാന്തത പാലിക്കുക, സംരക്ഷണം നൽകുന്ന സുരക്ഷിതവും, മൂടിയതും, അടച്ചിട്ടതുമായ ഒരു സ്ഥലം കണ്ടെത്തുക.
- നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ഇതേ ഇടത്തേക്ക് അഭയം തേടാൻ നയിക്കുക.
- ഒരു സ്ഥലത്ത് ഒരുമിച്ച് തുടരുക, അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കുക.
തൊഴിലിടങ്ങളിലുള്ള അവസരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് ലഭിക്കുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ:
- തൊഴിലിടങ്ങളിലെ സുരക്ഷാ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
- കെട്ടിടത്തിനുള്ളിൽ തന്നെ തുടരുക, അനാവശ്യമായ ചലനങ്ങൾ ഒഴിവാക്കുക.
- ജനാലകൾ, തുറന്ന സ്ഥലങ്ങൾ, ഗ്ലാസ്, വൈദ്യുതി സ്രോതസ്സുകൾ, കത്തുന്ന വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്ന് നിൽക്കുക.
- സംരക്ഷണം നൽകുന്ന സുരക്ഷിതവും, മൂടിയതും, അടച്ചിട്ടതുമായ ഒരു സ്ഥലത്ത് തുടരുക. നിങ്ങളുടെ ചുറ്റുമുള്ള ആളുകളെ ഇതേ ഇടത്തേക്ക് നയിക്കുക.
- തുടർന്ന് ഭീഷണി ഇല്ലാതായതായി സ്ഥിരീകരിക്കുന്ന അറിയിപ്പിനായി കാത്തിരിക്കുക.
- കെട്ടിടം വിട്ട് പോകേണ്ടത് അത്യാവശ്യമാകുന്ന അവസരത്തിൽ ലിഫ്റ്റുകൾക്ക് പകരം പടിക്കെട്ടുകൾ ഉപയോഗിക്കുക.
- നിങ്ങളുടെ തൊഴിലിടങ്ങളിലെ അടിയന്തര എക്സിറ്റുകൾ, നിയുക്ത അസംബ്ലി പോയിന്റുകൾ എന്നിവ എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കി വെക്കേണ്ടതാണ്.

