അബുദാബി പരിസ്ഥിതി വകുപ്പിന്റെ പ്രവർത്തന ഫലമായി 60 അറേബ്യൻ ഓറിക്സ് മാനുകൾ ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക്

GCC News

ജോർദാനിലെ ഷൗമാരി വന്യമൃഗ സങ്കേതത്തിലേക്ക് അടുത്ത രണ്ട് വർഷത്തിനിടെ 60 അറേബ്യൻ ഓറിക്സ് മാനുകളെ പുതിയതായി തുറന്നു വിടുന്ന പദ്ധതിയിൽ അബുദാബി പരിസ്ഥിതി ഏജൻസിയും (The Environment Agency – Abu Dhabi, EAD) ജോർദാനിലെ റോയൽ സൊസൈറ്റി ഫോർ ദി കോൺസെർവഷൻ ഓഫ് നേച്ചറും(Royal Society for the Conservation of Nature, RSCN) ഒപ്പ് വെച്ചു. ഇതിന്റെ ഭാഗമായി ഈ രണ്ട് സംഘടനകളും ജോർദാനിലെ അറേബ്യൻ ഓറിക്സ് വംശത്തിന്റെ നിലനിൽപ്പിനു നിര്‍ണ്ണായകമായ ഒരു പറ്റം മാനുകളെ പ്രത്യേക സംരക്ഷിത ഇടങ്ങളിൽ വളർത്തിയെടുക്കുകയും അവയെ രണ്ട് വർഷത്തിനിടയിൽ വന്യമൃഗ സങ്കേതത്തിലേക്ക് പ്രവേശിപ്പിക്കുകായും ചെയ്യും.

വളവില്ലാതെ നീണ്ടു കുത്തനെ നിൽക്കുന്ന കൊമ്പോടുകൂടിയ മാൻ വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയാണ്‌ ഓറിക്സ്. ഇതിലെ അറേബ്യൻ ഉപദ്വീപിലെ വിശാലമായ പുല്‍പ്രദേശങ്ങളിലും മരുഭൂമികളിലും കാണപ്പെടുന്ന വിഭാഗമാണ് അറേബ്യൻ ഓറിക്സ്. വെളുത്ത് മിനുത്ത ദേഹത്തോടെ കണ്ടുവരുന്ന ഈ മാനുകൾ 1970-കളുടെ തുടക്കത്തിൽ വന്യമേഖലകളിൽ നിന്ന് പൂർണ്ണമായും വംശനാശം നേരിട്ടിരുന്നു. ഏതാനം സ്വകാര്യ വന്യമൃഗസങ്കേതങ്ങളിലും മൃഗശാലകളിലും മാത്രം ബാക്കിയായ ഓറിക്സുകൾ പരിസ്ഥിതി പ്രവർത്തകരുടെയും സംഘടനകളുടെയും ശ്രമഫലമായി വന്യതയിലേക്ക് തിരികെ വരികയായിരുന്നു. ഇന്നും ഇവ വംശനാശഭീഷണിയിൽ നിന്ന് പൂർണ്ണമായും മുക്തമായ ഒരു വന്യജീവി വിഭാഗമല്ല.

അബുദാബി പരിസ്ഥിതി ഏജൻസിയും, റോയൽ സൊസൈറ്റി ഫോർ ദി കോൺസെർവഷൻ ഓഫ് നേച്ചറും ചേർന്നുള്ള ഈ പ്രജനന, സംരക്ഷണ പദ്ധതി നിലവിൽ ഷൗമാരി വന്യമൃഗ സങ്കേതത്തിലുള്ള 68 -ഓളം ഓറിക്സുകളുടെ വർദ്ധനവിനും അവയുടെ ജനിതക ഗുണം മെച്ചപ്പെടുത്തുന്നതിനും കൂടി ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. പുതുതായി തുറന്നു വിടുന്ന ഓറിക്സുകൾക്ക് സുഗമമായ മേച്ചിലിടങ്ങൾ ലഭ്യമാകുന്നതിനായി ഈ പദ്ധതിയുടെ കീഴിൽ നിലവിലെ വന്യമൃഗ സങ്കേതത്തിനെ ചുറ്റുമുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കൂടുതൽ വിസ്‌തൃതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉണ്ടാകും.

അറേബ്യൻ ഓറിക്സുകൾക്ക് അവയുടെ വംശവർദ്ധനവിനായി അവയുടെ പൗരാണിക മേച്ചിലിടങ്ങളിൽ വലിയ സംരക്ഷിത മേഖലകൾ ഒരുക്കുന്നതിനും ആരോഗ്യപരമായ എണ്ണങ്ങളുള്ള അവയുടെ കൂട്ടങ്ങൾ ഉണ്ടാകുക എന്നതിനുമായി 2007 മുതൽ പ്രവർത്തിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അറേബ്യൻ ഓറിക്സ് റീഇൻട്രൊഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമാണ് ഈ പദ്ധതി.