ഖത്തർ: ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കുള്ള COVID-19 മാനദണ്ഡങ്ങൾ കർശനമാക്കിയതായി HMC

Qatar

ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർക്കേർപ്പെടുത്തിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻ (HMC) അറിയിച്ചു. ഡിസംബർ 28-നാണ് HMC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

HMC-യുടെ കീഴിലുള്ള മുഴുവൻ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെയും, രോഗികളുടെയും, ഇത്തരം കേന്ദ്രങ്ങളിലെ ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം. ഈ തീരുമാനം പ്രാബല്യത്തിൽ വന്നതായും HMC കൂട്ടിച്ചേർത്തു.

ഖത്തറിലെ ആശുപത്രികളിൽ നടപ്പിലാക്കുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് HMC നൽകിയിട്ടുള്ള അറിയിപ്പുകൾ:

  • രാജ്യത്തെ പ്രധാനപ്പെട്ട COVID-19 പരിചരണ ആശുപത്രികളായ കമ്മ്യൂണിക്കബിൾ ഡിസീസ് സെന്റർ, ഹസം മെബൈരീക് ജനറൽ ഹോസ്പിറ്റലിന് കീഴിലെ ഫീൽഡ് ഹോസ്പിറ്റൽ, ക്യൂബൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിലേക്ക് സന്ദർശകരെ അനുവദിക്കുന്നതല്ല.
  • HMC-യുടെ കീഴിലുള്ള മറ്റു ഹോസ്പിറ്റലുകളിലേക്ക് വൈകീട്ട് 3 മുതൽ രാത്രി 8 വരെ മാത്രമാണ് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്.
  • മുഴുവൻ സന്ദർശകർക്കും മാസ്കുകളുടെ ഉപയോഗം, ‘Ehteraz’ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് എന്നിവ നിർബന്ധമാണ്.
  • ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി മുഴുവൻ സന്ദർശകരുടെയും ശരീരോഷമാവ് പരിശോധിക്കുന്നതാണ്.
  • ഒരു സമയം ഒരു സന്ദർശകന് മാത്രമേ പ്രവേശനം നൽകൂ. 15 മിനിറ്റ് സമയമാണ് സന്ദർശകർക്ക് പരമാവധി അനുവദിക്കുന്നത്. ഒരു രോഗിയെക്കാണുന്നതിന് ദിനവും ഇത്തരത്തിൽ പരമാവധി 3 പേർക്ക് മാത്രമാണ് അനുമതി.
  • 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുന്നതല്ല.
  • സന്ദർശകരുടെ കൈവശം ഭക്ഷണപാനീയങ്ങൾ, പൂക്കൾ, ചോക്ലേറ്റ് മുതലായ വസ്തുക്കൾ രോഗികൾക്ക് നൽകുന്നതിനായി കരുതുന്നതിന് അനുമതിയില്ല.