ഖത്തർ: ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് സേവനങ്ങൾക്കായി മുൻഗണന നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

GCC News

ഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ആരോഗ്യ പ്രവർത്തകർക്ക് എംബസി സേവനങ്ങൾക്കായി മുൻഗണന നൽകുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഖത്തറിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

ഖത്തറിൽ COVID-19 മഹാമാരിക്കെതിരായി അക്ഷീണം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇന്ത്യൻ പൗരന്മാരായ ആരോഗ്യപരിചരണ മേഖലയിലെ ജീവനക്കാരോട് തങ്ങളുടെ കൃതജ്ഞത രേഖപ്പെടുത്തുന്നതിനായാണ് അവർക്കായി ഇന്ത്യൻ എംബസി ഈ പ്രത്യേക മുൻഗണനാ സേവനം ഒരുക്കുന്നത്. ഖത്തറിലെ ആരോഗ്യ പരിപാലന മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇന്ത്യൻ പൗരന്മാർക്കും ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്.

പാസ്സ്‌പോർട്ട് സേവനങ്ങൾ, അറ്റസ്റ്റേഷൻ സേവനങ്ങൾ മുതലായ എംബസി സേവനങ്ങൾ ആവശ്യമാകുന്ന ഇത്തരം വിഭാഗങ്ങളിലുള്ളവർക്ക് https://www.indianembassyqatar.gov.in/apptmnt_healthcare എന്ന വിലാസത്തിലൂടെ ഈ ഓൺലൈൻ മുൻ‌കൂർ അനുമതി നേടുന്നതിനുള്ള സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ വിലാസത്തിലൂടെ ഇന്ത്യൻ പൗരന്മാരായ ആരോഗ്യ പ്രവർത്തകർക്ക് എംബസിയുടെ സേവനങ്ങൾക്കായുള്ള അപേക്ഷകൾ നൽകാവുന്നതും, തങ്ങൾക്ക് സൗകര്യപ്രദമായ തീയ്യതി, സമയം എന്നിവ നൽകിക്കൊണ്ട് എംബസിയിലെത്തുന്നതിനുള്ള മുൻ‌കൂർ അനുമതികൾ നേടാവുന്നതുമാണ്.

ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന അപേക്ഷകൾ ത്വരിതഗതിയിൽ പരിഗണിക്കുന്നതും, മുൻ‌കൂർ അനുമതികൾ സംബന്ധിച്ച വിവരങ്ങൾ അപേക്ഷകന്റെ ഇമെയിൽ വിലാസത്തിലേക്ക് അയച്ച് നല്കുന്നതുമാണെന്ന് എംബസി അറിയിച്ചു.