ഖത്തർ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

Qatar

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 13-ന് ഖത്തർ സർക്കാർ പോർട്ടലായ ഹുക്കൂമി ട്വിറ്ററിൽ ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വദേശിവത്കരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കീഴിൽ ഖത്തർ പൗരന്മാർക്കും, ഖത്തർ സ്ത്രീകളുടെ കുട്ടികൾക്കുമായി രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലായി 456 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി അധികൃതർ അറിയിച്ചു. ദേശീയ തൊഴിൽ സംവിധാനത്തിന് കീഴിലാണ് ഈ നടപടികൾ.

ഈ പദ്ധതിയുടെ കീഴിൽ ഇപ്പോൾ 456 പുതിയ തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കമ്മ്യൂണിക്കേഷൻ, ഐ ടി മേഖലയിൽ 271 തൊഴിലവസരങ്ങളും, ഗതാഗത മേഖലയിൽ 88 തൊഴിലവസരങ്ങളും, ഫിനാൻസ്, ഇൻഷുറൻസ് മേഖലയിൽ 55 തൊഴിലുകളും, എനർജി, ഇൻഡസ്ട്രി മേഖലയിൽ 28 തൊഴിലവസരങ്ങളും ഉൾപ്പെടുന്നു. 2022-ൽ ഇതുവരെ ഖത്തർ പൗരന്മാർക്ക് ഇത്തരത്തിൽ 900 തൊഴിലുകൾ നൽകിയതായും അധികൃതർ കൂട്ടിച്ചേർത്തു.