ഖത്തർ: പ്രവാസികൾക്കായി തൊഴിലാളി നിയമങ്ങൾ സംബന്ധിച്ചുള്ള സംശയനിവാരണത്തിനുള്ള വാട്സ്ആപ് സേവനം ആരംഭിച്ചു

featured GCC News

രാജ്യത്തെ തൊഴിൽ നിയമങ്ങളും, ചട്ടങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭിക്കുന്നതിനും, സംശയനിവാരണത്തിനുമായി വാട്സ്ആപ്പിലൂടെയുള്ള പ്രത്യേക സേവനം ആരംഭിച്ചതായി ഖത്തർ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസ് (GCO) അറിയിച്ചു. വിവിധ ഭാഷകളിൽ ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.

ഖത്തറിലെ തൊഴിലുടമകൾക്കും, പ്രവാസികൾക്കും തൊഴിൽ നിയമങ്ങൾ സംബന്ധിച്ചുള്ള വ്യക്തത ലഭിക്കുന്നതിനായി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഈ സേവനം തികച്ചും സൗജന്യമായാണ് GCO നൽകുന്നത്.

വാട്സ്ആപ്പിലൂടെയുള്ള ഈ സ്വയം പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ ഖത്തറിലെ ഏറ്റവും പുതിയ തൊഴിൽ നിയമങ്ങൾ, തൊഴിലാളികളുടെ അവകാശങ്ങൾ മുതലായ വിവരങ്ങൾ ലഭിക്കുന്നതാണ്. ഇതിന് പുറമെ, ഖത്തർ വിസ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ, തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് സാധാരണയായി ഉണ്ടാകാറുള്ള സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ മുതലായവയും ലഭ്യമാണ്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്വയം പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് സംവിധാനം അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി, മലയാളം എന്നീ ഭാഷകളിൽ സേവനങ്ങൾ നൽകുന്നതാണ്. https://wa.me/97460060601?text=Hi എന്ന വിലാസത്തിലൂടെ ഈ സേവനം വാട്സ്ആപ്പിൽ പ്രയോഗക്ഷമമാക്കാവുന്നതാണ്.