ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഖത്തറിലെ COVID-19 നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് നൽകിയിട്ടുണ്ട്.
2023 ജൂൺ 23-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ നിലവിലുണ്ടായിരുന്ന താഴെ പറയുന്ന COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്:
- ഖത്തറിലെ ഹോസ്പിറ്റലുകൾ ഉൾപ്പടെയുള്ള ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന വ്യക്തികൾക്ക് മാസ്കുകൾ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കുന്നതാണ്.
- ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റമർ സർവീസ് മേഖലയിലെ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കിയിരുന്നത് ഒഴിവാക്കുന്നതാണ്.
എന്നാൽ പനി, ചുമ, ജലദോഷം മുതലായ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ആശുപത്രികളിലെത്തി മറ്റുള്ളവരെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.