ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴികെയുള്ള രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. 2023 മാർച്ച് 8, ബുധനാഴ്ച ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തറിലെ നിലവിലെ COVID-19 സ്ഥിതിഗതികൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടുകൾ ഈ യോഗത്തിൽ ക്യാബിനറ്റ് പരിശോധിച്ചു.
തുടർന്ന് 2022 ഒക്ടോബർ 26-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിൽ പ്രഖ്യാപിച്ചിരുന്ന COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് ഭേദഗതി ചെയ്യാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിക്കുകയായിരുന്നു. ഇത് പ്രകാരം രാജ്യത്തെ മുഴുവൻ COVID-19 നിയന്ത്രണങ്ങളും (ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴികെ) ഒഴിവാക്കിയതായി ക്യാബിനറ്റ് പ്രഖ്യാപിച്ചു.
എന്നാൽ ഖത്തറിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികൾക്കും, പൗരന്മാർക്കും മാസ്കുകൾ നിർബന്ധമാക്കിയിട്ടുള്ള തീരുമാനം തുടരും.