ഖത്തറിലെ മിനിസ്ട്രി ഓഫ് മുൻസിപ്പാലിറ്റി ആൻഡ് എൻവിറോണ്മെന്റ് (MME) പുതിയ രണ്ട് പൊതു പാർക്കുകൾ ജനങ്ങൾക്കായി തുറന്ന് കൊടുത്തു. നവംബർ 8-നാണ് ഇവ തുറന്ന് കൊടുത്ത്. അൽ സഖമ, വാദി ലുസൈൽ എന്നിവിടങ്ങളിലാണ് MME അൽ ദായെൻ മുൻസിപ്പാലിറ്റി, പബ്ലിക് പാർക്സ് ഡിപ്പാർട്മെന്റ് എന്നിവരുമായി സംയുക്തമായി ഈ പാർക്കുകൾ തുറന്നിട്ടുള്ളത്.
അൽ സഖമ പാർക്ക്, വാദി ലുസൈൽ പാർക്ക് എന്നിവയുടെ ഔദ്യോഗിക ഉദ്‌ഘാടന ചടങ്ങുകളിൽ അൽ ദായെൻ മുൻസിപ്പാലിറ്റി ഡയറക്ടർ റാഷിദ് മിസ്ലാഷ് അൽ ഖയറിൻ, പബ്ലിക് പാർക്സ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സദ എന്നിവർ സന്നിഹിതരായിരുന്നു. ഏതാണ്ട് 6250 സ്‌ക്വയർ മീറ്ററിലൊരുക്കിയിട്ടുള്ള അൽ സഖമ പാർക്കിൽ 2240 സ്‌ക്വയർ മീറ്റർ സസ്യലതാതികൾ കൊണ്ട് സമ്പന്നമാണ്. കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കഫെറ്റീരിയ തുടങ്ങിയവയും ഈ പാർക്കിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
വാദി ലുസൈൽ പാർക്ക് ഏതാണ്ട് 8370 സ്‌ക്വയർ മീറ്ററിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ 2360 സ്‌ക്വയർ മീറ്റർ പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും, ഒരു ഫുട്ബോൾ മൈതാനം, ബാസ്കറ്റ്ബാൾ കോർട്ട്, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കഫെറ്റീരിയ തുടങ്ങിയവയും ഉൾപ്പെടുന്നു.