രാജ്യത്തെ പൊതു, സ്വകാര്യ പാർക്കിംഗ് ഇടങ്ങളിൽ വെച്ച് കാറുകൾ കഴുകുന്നതിന് വിലക്കേർപ്പെടുത്തിയതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലുമുള്ള ഔട്ട്ഡോർ പാർക്കിംഗ് ഇടങ്ങൾക്കും, വാണിജ്യ വീഥികളിലെ പാർക്കിംഗ് ഇടങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.
ഏപ്രിൽ 25-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിൽ കാറുകൾ കഴുകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് അതിനായി പ്രത്യേക ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങളെ മാത്രമാണ് അനുവദിക്കുന്നതെന്നും, വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലുമുള്ള ബേസ്‌മെന്റ് പാർക്കിങ്ങുകളിൽ ഇതിനുള്ള അനുമതിയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്തരം ഇടങ്ങളിലെ അധികൃതരിൽ നിന്നുള്ള അനുവാദം നേടിയിട്ടുള്ളതും, വാഹനങ്ങൾ കഴുകുന്നതിനായി ബേസ്‌മെന്റ് പാർക്കിങ്ങുകളിൽ പ്രത്യേക ഇടം ഒരുക്കിയിട്ടുള്ളതുമായ സാഹചര്യത്തിലാണ് ഈ അനുമതി നൽകുന്നത്.
വാണിജ്യ കേന്ദ്രങ്ങളിലും, മാളുകളിലും വാഹനങ്ങൾ കഴുകുന്നതിനുള്ള ഇടങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന നിർദ്ദേശങ്ങൾ മന്ത്രാലയം അറിയിച്ചിട്ടുണ്ട്:
- ഇതിനായി ജലനിര്‍ഗ്ഗമനസംവിധാനമുള്ള പ്രത്യേക ഇടം ഒരുക്കേണ്ടതാണ്.
- ഇതിനായി നിയമിക്കുന്ന ജീവനക്കാർക്ക് കമ്പനിയുടെയും, ജീവനക്കാരുടെയും പേരുകൾ രേഖപ്പെടുത്തിയ വൃത്തിയായ യൂണിഫോം ഉണ്ടായിരിക്കേണ്ടതാണ്.
- ഇത്തരം ഇടങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
- ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടതാണ്.
- വാഹനങ്ങൾ കഴുകി വൃത്തിയാക്കുന്നതിനായി നൂതനമായ ഉപകരണങ്ങളുടെ സഹായം ഉറപ്പാക്കേണ്ടതാണ്.
- COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
ഈ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.