ഖത്തർ: സ്‌കൂളുകളിൽ തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ആന്റിജൻ പരിശോധന സംബന്ധിച്ച അറിയിപ്പ്

Qatar

രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിൽ അധ്യയനത്തിനായി തിരികെ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ COVID-19 ആന്റിജൻ പരിശോധന സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തത നൽകി. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹെൽത്ത് ആൻഡ് സേഫ്റ്റി വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ മറാഖിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും (എല്ലാ ക്‌ളാസുകളിലെയും വിദ്യാർത്ഥികൾക്ക് ബാധകം) ആഴ്ച്ച തോറും ഒരു റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കുന്നതിനുള്ള തീരുമാനം ആദ്യ ഘട്ടത്തിൽ രണ്ടാഴ്ച്ച കാലയളവിൽ നടപ്പിലാക്കുമെന്നും, അതിന് ശേഷം സാഹചര്യങ്ങൾ അവലോകനം ചെയ്ത് അതിനനുസരിച്ചുള്ള തീരുമാനങ്ങൾ മന്ത്രാലയം കൈക്കൊള്ളുമെന്നും ജനുവരി 28-ന് ഖത്തർ ടി വിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ ആന്റിജൻ പരിശോധന രണ്ടാഴ്ച്ച കാലയളവിലേക്ക് നടപ്പിലാക്കാൻ അദ്ദേഹം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2022 ജനുവരി 30, ഞായറാഴ്ച്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ 100 ശതമാനം വിദ്യാർത്ഥികളും അധ്യയനത്തിനായി നേരിട്ട് ഹാജരാകുന്ന രീതി 2022 ജനുവരി 30 മുതൽ നടപ്പിലാക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്.

ഇതിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് ആഴ്ച്ച തോറും ഒരു റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കുന്നത്. സ്‌കൂളുകളിലേക്ക് പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള ഈ പരിശോധനാ ഫലം അനുസരിച്ചായിരിക്കും വിദ്യാർത്ഥികൾക്ക് സ്‌കൂൾ കെട്ടിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഈ പരിശോധനയിൽ നെഗറ്റീവ് ആകുന്ന വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് പ്രവേശിക്കാവുന്നതാണ്.

നെഗറ്റീവ് ഫലം ലഭിക്കുന്ന വിദ്യാർത്ഥികൾ ഈ പരിശോധയുടെ ഫലം ഒരു നിശ്ചിത ഫോമിൽ രക്ഷിതാവിന്റെ സാക്ഷ്യപ്പെടുത്തലോട് കൂടി ഹാജരാക്കേണ്ടതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്ന വിദ്യാർത്ഥികൾ അടുത്തുള്ള ആരോഗ്യപരിചരണ കേന്ദ്രത്തിൽ നിന്ന് രോഗബാധ സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന നടത്തേണ്ടതാണ്. രോഗബാധ സ്ഥിരീകരിക്കുന്ന വിദ്യാർത്ഥികൾ ഐസൊലേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ആരോഗ്യ സ്ഥിതി അനുവദിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ ഓൺലൈൻ പഠനം തുടരാവുന്നതാണ്.