രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ജനുവരി 24-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ആരോഗ്യ മന്ത്രാലയം ട്വിറ്ററിലൂടെ പങ്ക്‌വെച്ച വിഡിയോ ദൃശ്യത്തിൽ, വാക്സിനേഷൻ നടപടികളുടെ ചീഫ് ഡോ. സോഹ അൽ ബയാത് വാക്സിൻ സ്വീകരിക്കുന്നവർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ വിവരിച്ചു. പ്രധാനമായും രണ്ട് സുരക്ഷാ നിർദ്ദേശങ്ങളാണ് ഇത് സംബന്ധിച്ച് ഡോ. സോഹ അറിയിച്ചത്:
- ആദ്യ ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ച ശേഷം, രോഗബാധിതരുമായി സമ്പർക്കത്തിനിടയായാൽ, രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിന്റെ തീയ്യതി, രോഗബാധിതനുമായുള്ള സമ്പർക്ക തീയ്യതി മുതൽ 14 ദിവസം നീട്ടി പുനഃക്രമീകരിക്കേണ്ടതാണ്.
- രണ്ടാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ച ശേഷവും മുൻകരുതൽ തുടരേണ്ടതാണ്. പൂർണ്ണമായും COVID-19 വൈറസിൽ നിന്ന് ശരീരം സുരക്ഷ ആർജ്ജിക്കുന്നതിനായി രണ്ടാം ഡോസ് കുത്തിവെപ്പിന് ശേഷം ഒന്നോ, രണ്ടോ ആഴ്ച്ച സമയം എടുക്കാവുന്നതാണ്.