ഖത്തർ: ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ആഹ്വാനം ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു

Qatar

രാജ്യത്ത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന ഭിക്ഷാടനം സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാനുള്ള പൊതുജനങ്ങളോടുള്ള ആഹ്വാനം ഖത്തർ ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. 2023 ഏപ്രിൽ 14-ന് രാത്രിയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് ആവർത്തിച്ചത്.

ഖത്തറിൽ ഭിക്ഷാടനം നിയമപരമായി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ധനസഹായം നൽകുന്നതിനായി ഔദ്യോഗിക ധര്‍മ്മസ്ഥാപനങ്ങളുടെ സേവനം ഉപയോഗിക്കാൻ ജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചു.

ഭിക്ഷാടന നിരോധനം നടപ്പിലാക്കുന്ന വിഭാഗത്തിന് കീഴിൽ റമദാനിലുടനീളം രാജ്യത്ത് പ്രത്യേക പരിശോധനകൾ നടത്തിവരുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. ഭിക്ഷാടകരുടെ വിവരങ്ങൾ ഭിക്ഷാടന നിരോധനം നടപ്പിലാക്കുന്ന വിഭാഗത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് കൈമാറുന്നതിനായി 2347444 – 33618627 എന്നീ ഫോൺ നമ്പറുകൾ, Metrash2 ആപ്പ് എന്നിവ ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.