ഖത്തർ: വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ കാർഡിന്റെ സാധുത 2024 ജനുവരി വരെ നീട്ടി

featured GCC News

വിദേശത്ത് നിന്നുള്ള സന്ദർശകരുടെ ഹയ്യ കാർഡിന്റെ സാധുത 2024 ജനുവരി 24 വരെ നീട്ടിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ജനുവരി 30-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതോടെ ഹയ്യ കാർഡ് കൈവശമുള്ള, ഖത്തർ നിവാസികളല്ലാത്ത വിദേശികളായ ഫുട്ബാൾ ആരാധകർക്കും, സംഘാടകർക്കും, ഈ കാലയളവിൽ ഏതാനം മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്, ഖത്തറിലേക്ക് പ്രവേശിക്കാവുന്നതാണ്.

താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ടാണ് ഹയ്യ കാർഡ് കൈവശമുള്ള, ഖത്തർ നിവാസികളല്ലാത്ത വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നത്:

  • ഇത്തരം സന്ദർശകർ, ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കാലയളവിൽ, ഖത്തറിലെ തങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കൊപ്പമോ, അല്ലെങ്കിൽ ഒരു ഹോട്ടലിലോ താമസം ഉറപ്പ് വരുത്തേണ്ടതും, ഇത് സംബന്ധിച്ച രേഖകൾ ഹയ്യ പോർട്ടലിൽ നൽകേണ്ടതുമാണ്.
  • ഇത്തരം സന്ദർശകർക്ക് ഏറ്റവും ചുരുങ്ങിയത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്സ്‌പോർട്ട് നിർബന്ധമാണ്.
  • ഖത്തറിൽ തുടരുന്ന കാലയളവിൽ പരിരക്ഷ ഉറപ്പ് വരുത്തുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
  • ഖത്തറിൽ നിന്ന് മടങ്ങാനുള്ള റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.

ഇത്തരം നിബന്ധനകൾ പാലിച്ച് കൊണ്ട് ഖത്തറിലേക്ക് പ്രവേശിക്കുന്ന ഹയ്യ കാർഡ് കൈവശമുള്ള സന്ദർശകർക്ക് ഈ പദ്ധതിയുടെ കാലയളവിൽ ഖത്തറിലേക്ക് ഒന്നിലധികം തവണ പ്രവേശിക്കാവുന്ന മൾട്ടി-എൻട്രി പെർമിറ്റ് ലഭിക്കുന്നതാണ്. ഇവർക്ക് ‘ഹയ്യ വിത്ത് മീ’ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് മൂന്ന് കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ ഖത്തറിലേക്ക് ക്ഷണിക്കാവുന്നതാണ്.

ഇവർക്ക് ഖത്തറിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാവുന്നതാണ്. പ്രത്യേക ഫീസ് ഒന്നും ഈടാക്കാതെയാണ് ഈ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള എല്ലാ വിഭാഗം ഹയ്യ കാർഡുകൾക്കും മേൽപ്പറഞ്ഞ നിബന്ധനകൾ ബാധകമാണ്. ഹയ്യ കാർഡുകളുടെ സാധുത 2023 ജനുവരി 23 വരെയായിരിക്കുമെന്നാണ് ഖത്തർ നേരത്തെ അറിയിച്ചിരുന്നത്.