ഖത്തർ: പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ 69 പേർക്കെതിരെ നിയമനടപടി

Qatar

പൊതു ഇടങ്ങളിലും മറ്റും മാസ്‌കുകൾ ഉപയോഗിക്കുന്നതിൽ വീഴ്ച്ചകൾ വരുത്തിയ 69 പേർക്കെതിരെ ഡിസംബർ 19-ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നിയമനടപടികൾ സ്വീകരിച്ചു. ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നടപടികൾക്ക് മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്.

COVID-19 പശ്ചാത്തലത്തിൽ ഖത്തറിൽ പൊതു ഇടങ്ങളിലും മറ്റും മാസ്കുകൾ നിർബന്ധമാണ്. ഇത് മറികടക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

വാഹനങ്ങളിൽ പരമാവധി അനുവദിച്ചിട്ടുള്ള യാത്രികരുടെ എണ്ണത്തിലെ ലംഘനങ്ങൾക്ക് ഡിസംബർ 19-ന് ആർക്കെതിരെയും മന്ത്രാലയം നടപടി എടുത്തിട്ടില്ല. കാറുകൾ പോലുള്ള വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പടെ പരമാവധി 4 പേർക്ക് മാത്രമാണ് നിലവിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകിയിട്ടുള്ളത്. ഒരേ കുടുംബത്തിലെ അംഗങ്ങൾ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് മാത്രം ഈ നിയമത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ചകൾ വരുത്തിയവർക്കെതിരെ ഖത്തറിലെ ’17/ 1990′ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. COVID-19 രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ മുൻകരുതൽ നിർദ്ദേശങ്ങളും, പ്രതിരോധ നടപടികളും പാലിക്കേണ്ടത് സമൂഹ സുരക്ഷയ്ക്ക് വളരെ പ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം, വാഹനങ്ങളിലെ പരമാവധി അനുവദനീയമായ യാത്രികരുടെ എണ്ണം തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആഭ്യന്തര മന്ത്രാലായം ജനങ്ങളോട് ആഹ്വനം ചെയ്‌തിട്ടുണ്ട്. ഇതുവരെ 3225 പേർക്കെതിരെയാണ് മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ച്ചകൾക്ക് മന്ത്രാലയം നടപടി എടുത്തിട്ടുള്ളത്. വാഹനങ്ങളിൽ പരമാവധി അനുവദിച്ചിട്ടുള്ള യാത്രികരുടെ എണ്ണത്തിലെ ലംഘനങ്ങൾക്ക് 252 പേർക്കെതിരെയും നിയമനടപടികൾ കൈക്കൊണ്ടിട്ടുണ്ട്.