ഖത്തർ: ലൈസൻസ് കൂടാതെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് മുന്നറിയിപ്പ്

Qatar

രാജ്യത്ത് അംഗീകൃത ലൈസൻസ് കൂടാതെ വിദേശ തൊഴിലാളികളെ സ്ഥാപനങ്ങളിൽ നിയമിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മറ്റുള്ള സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കിക്കൊണ്ട് ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്ന ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള തൊഴിലാളികളെ ജോലികളിൽ നിയമിക്കുന്നതിന് സഹായിക്കുന്ന പ്രവർത്തനങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്ക് മന്ത്രാലയത്തിൽ നിന്നുള്ള ഇതുമായി ബന്ധപ്പെട്ട അംഗീകൃത ലൈസൻസ് നിർബന്ധമാണ്.

വിദേശ തൊഴിലാളികളെ ലഭിക്കുന്നതിനായി ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ഥാപനങ്ങളെ സമീപിക്കുന്നവർ, സ്ഥാപനങ്ങൾക്ക് ഇത്തരം ലൈസൻസ് ഉണ്ടെന്ന് ഉറപ്പ് വരുത്താൻ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.