QNCC-യിലെ വാക്സിനേഷൻ നടപടികളെക്കുറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളെക്കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം വ്യക്തത നൽകി

featured GCC News

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) പ്രവർത്തനമാരംഭിച്ചിട്ടുള്ള പ്രത്യേക വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് മുൻഗണനാ ക്രമം കൂടാതെ മുഴുവൻ പേർക്കും വാക്സിൻ ലഭിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പൊതു ആരോഗ്യ മന്ത്രാലയം (MoPH) വ്യക്തമാക്കി. വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ലഭിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും വാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് MoPH ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്.

2021 ഫെബ്രുവരി 19-ന് രാത്രിയാണ് MoPH ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയത്. വിദ്യാലയങ്ങളിലെ കാര്യനിര്‍വാഹക ജീവനക്കാർക്കും, അധ്യാപകർക്കും വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി ഒരു പ്രത്യേക വാക്സിനേഷൻ കേന്ദ്രം ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ചിരുന്നു.

ഈ കേന്ദ്രത്തിൽ നിന്ന് മുൻഗണനാ ക്രമത്തിൽ മാത്രമാണ് നിലവിൽ വാക്സിൻ നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. തിരക്കൊഴിവാക്കുന്നതിനും, സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഈ കേന്ദ്രത്തിൽ നിന്ന് വാക്സിൻ കുത്തിവെപ്പ് നൽകാൻ ഉദ്ദേശിക്കുന്നവർക്ക് മുൻ‌കൂർ അനുമതികൾ ഘട്ടം ഘട്ടമായി മാത്രമാണ് നൽകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. മുൻഗണനാ ക്രമപ്രകാരം കുത്തിവെപ്പിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മന്ത്രാലയം SMS മുഖേന അറിയിപ്പ് നൽകുന്നതാണ്.

കുത്തിവെപ്പ് നൽകുന്ന തീയ്യതി, സമയം എന്നിവ മന്ത്രാലയം ഈ സന്ദേശത്തിലൂടെ അറിയിക്കുന്നതാണ്. SMS മുഖേന ഇത്തരം മുൻ‌കൂർ അനുമതി ലഭിക്കുന്നവർക്ക് മാത്രമാണ് കുത്തിവെപ്പ് നൽകുന്നതെന്ന് MoPH വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ദേശീയ വാക്സിനേഷൻ യത്നം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അധ്യാപകരെയും, വിദ്യാലയങ്ങളിലെ ജീവനക്കാരെയും മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയതായി MoPH കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.