ഖത്തർ: COVID-19 ഒമിക്രോൺ രോഗബാധയുടെ ലക്ഷണങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

Qatar

COVID-19 ഒമിക്രോൺ രോഗബാധയുടെ ലക്ഷണങ്ങൾ, രോഗബാധിതർക്കുള്ള നിർദ്ദേശങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. ജനുവരി 12-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമിക്രോൺ വകഭേദം മൂലം COVID-19 രോഗബാധിതരാകുന്ന ബഹുഭൂരിപക്ഷം പേരിലും തീവ്രതയില്ലാത്ത രോഗബാധയാണ് നിലവിൽ കണ്ട് വരുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഒട്ടുമിക്ക ഇത്തരം രോഗബാധിതർക്കും ആശുപത്രി ചികിത്സ ആവശ്യമായി വരുന്നില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ അറിയിപ്പിൽ തീവ്രതയില്ലാത്ത രോഗബാധിതരിലും, കഠിനമായ ഒമിക്രോൺ രോഗബാധിതരിലും ഉൾപ്പടെ സാധാരണയായി പ്രകടമാകുന്ന രോഗലക്ഷണങ്ങൾ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തീർത്തും രൂക്ഷമല്ലാത്ത COVID-19 രോഗബാധ പ്രകടമാക്കുന്നവർ:

ഇത്തരക്കാരിൽ സാധാരണ കണ്ട് വരുന്ന രോഗലക്ഷണങ്ങൾ:

ചെറിയ പനി, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, മണം, രുചി എന്നിവ തിരിച്ചറിയുന്നതിനുള്ള ശേഷി നഷ്ടപ്പെടൽ, തലവേദന, തലകറക്കം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം.

ഇത്തരക്കാർക്കുള്ള നിർദ്ദേശങ്ങൾ:

  • മറ്റുള്ളവരുമായുള്ള (കുടുംബാംഗങ്ങൾ ഉൾപ്പടെ) സമ്പർക്കം ഒഴിവാക്കി ഐസൊലേഷനിൽ തുടരേണ്ടതാണ്.
  • രോഗലക്ഷങ്ങൾ കുറയ്ക്കുന്നതിനായി പാരസെറ്റമോൾ കഴിക്കാവുന്നതാണ്.
  • ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
  • വളരെ കൂടുതൽ നേരം കിടക്കുന്നത് ഒഴിവാക്കുക.
  • ഇത്തരക്കാർക്ക് ആവശ്യമെങ്കിൽ റാപിഡ് ആന്റിജൻ പരിശോധന നടത്താവുന്നതാണ്. ഇതിൽ പോസിറ്റീവ് ആകുന്നവർ ഏതെങ്കിലും അംഗീകൃത ആരോഗ്യ പരിചരണ കേന്ദ്രത്തിൽ, അല്ലെങ്കിൽ ടെസ്റ്റിംഗ് കേന്ദ്രത്തിലെത്തി ഒരു ഔദ്യോഗിക ടെസ്റ്റ് നടത്തേണ്ടതും, Ehteraz ആപ്പിൽ ഉൾപ്പടെ രോഗബാധ സംബന്ധിച്ച ടെസ്റ്റ് റിസൾട്ട് രേഖപ്പെടുത്തി നേടേണ്ടതുമാണ്.

തീക്ഷ്ണത കുറഞ്ഞ COVID-19 രോഗബാധ പ്രകടമാക്കുന്നവർ:

ഇത്തരക്കാരിൽ സാധാരണ കണ്ട് വരുന്ന രോഗലക്ഷണങ്ങൾ:

ശക്തമായ പനി, കഠിനമായ ചുമ, പനി മൂലം ശരീരം വിറയ്ക്കുന്ന അവസ്ഥ, പേശികളിലെ വേദന, പുറംവേദന, ക്ഷീണം, നേരിയ രീതിയിലുള്ള ശ്വാസതടസം.

ഇത്തരക്കാർക്കുള്ള നിർദ്ദേശങ്ങൾ:

  • മറ്റുള്ളവരുമായുള്ള (കുടുംബാംഗങ്ങൾ ഉൾപ്പടെ) സമ്പർക്കം ഒഴിവാക്കി ഐസൊലേഷനിൽ തുടരേണ്ടതാണ്.
  • രോഗലക്ഷങ്ങൾ കുറയ്ക്കുന്നതിനായി പാരസെറ്റമോൾ കഴിക്കാവുന്നതാണ്.
  • ധാരാളം വെള്ളം കുടിക്കേണ്ടതാണ്.
  • വളരെ കൂടുതൽ നേരം കിടക്കുന്നത് ഒഴിവാക്കുക.
  • ഇത്തരക്കാർക്ക് ആവശ്യമെങ്കിൽ റാപിഡ് ആന്റിജൻ പരിശോധന നടത്താവുന്നതാണ്. ഇതിൽ പോസിറ്റീവ് ആകുന്നവർ ഏതെങ്കിലും അംഗീകൃത ആരോഗ്യ പരിചരണ കേന്ദ്രത്തിൽ, അല്ലെങ്കിൽ ടെസ്റ്റിംഗ് കേന്ദ്രത്തിലെത്തി ഒരു ഔദ്യോഗിക ടെസ്റ്റ് നടത്തേണ്ടതും, Ehteraz ആപ്പിൽ ഉൾപ്പടെ രോഗബാധ സംബന്ധിച്ച ടെസ്റ്റ് റിസൾട്ട് രേഖപ്പെടുത്തി നേടേണ്ടതുമാണ്.
  • അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും, വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരുമായവർ അടുത്ത നടപടിക്രമങ്ങൾ അറിയുന്നതിനായായി 16000 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

ഗുരുതരമായ COVID-19 രോഗബാധ പ്രകടമാക്കുന്നവർ:

ഇത്തരക്കാരിൽ സാധാരണ കണ്ട് വരുന്ന രോഗലക്ഷണങ്ങൾ:

നെഞ്ച് വേദന, മുഖം, ചുണ്ട് എന്നിവ നീല നിറത്തിൽ ആകുന്നത്, വിഭ്രാന്തി, പ്രതികരണമില്ലാത്ത അവസ്ഥ, കഠിനമായ ക്ഷീണം, കഠിനമായ ദേഹ വേദന. ശ്വാസമെടുക്കുന്നതിൽ തടസം.

ഇത്തരക്കാർക്കുള്ള നിർദ്ദേശങ്ങൾ:

ഇത്തരം രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ ആരോഗ്യ പരിചരണ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി ഉടൻ തന്നെ ഒരു പ്രാഥമിക ആരോഗ്യ പരിചരണ കേന്ദ്രം സന്ദർശിക്കുകയോ, തീർത്തും ഗുരുതരമായ കേസുകളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതുമാണ്.