രാജ്യത്ത് തുടർച്ചയായി പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഈ അറിയിപ്പിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ഖത്തർ ആരോഗ്യ മന്ത്രാലയം നൽകിയിരിക്കുന്നത്:
- ആസ്മ, മറ്റു ശ്വാസകോശസംബന്ധമായ രോഗങ്ങൾ എന്നിവയുള്ള മുഴുവൻ പൗരന്മാരും, പ്രവാസികളും – പ്രത്യേകിച്ച് പ്രായമായവർ – പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ അടിയന്തിര സന്ദർഭങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്ത് പോകുന്നത് ഒഴിവാക്കേണ്ടതാണ്. പൊടിക്കാറ്റ് നേരിട്ടേൽക്കാൻ ഇടവരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.
- കണ്ണ്, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾക്ക് അടുത്ത് വിധേയരായവർ പൊടി നേരിട്ടേൽക്കുന്നതിന് ഇടവരുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.
- പൊടി ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കുന്നതിനായി മുഖം, മൂക്ക്, വായ എന്നിവ കൃത്യമായ ഇടവേളകളിൽ കഴുകി ശുചിയാക്കേണ്ടതാണ്.
- പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും, മൂക്കും, വായും മൂടുന്ന രീതിയിലുള്ള ഒരു മാസ്ക് ഉപയോഗിക്കേണ്ടതുമാണ്. ഇത്തരം മാസ്കുകൾ ഇടയ്ക്കിടെ മാറ്റുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- പുറത്ത് പോകുന്ന സാഹചര്യങ്ങളിൽ കൈകൾ കൊണ്ട് കണ്ണ് അമർത്തി തിരുമ്മുന്നത് ഒഴിവാക്കേണ്ടതാണ്. കണ്ണട ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ വാഹനത്തിന്റെ എല്ലാ ജനാലകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം എ സി ഉപയോഗിക്കേണ്ടതാണ്.
- തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്നവർ മാസ്കുകൾ, കണ്ണട എന്നിവ ഉപയോഗിക്കേണ്ടതാണ്.
- തുറന്ന ഇടങ്ങളിൽ തൊഴിലെടുക്കുന്ന പൊടി അലർജി ഉള്ള വ്യക്തികൾ മണൽക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ അലർജിയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത് മുൻപ് തന്നെ അലർജിയ്ക്ക് എതിരായി ഉപയോഗിക്കേണ്ട മരുന്നുകൾ കഴിക്കേണ്ടതാണ്.
- ചുമ, ആസ്മ, ശ്വാസതടസ്സം, കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം വരിക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാക്കുന്നവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് പരിചരണം തേടേണ്ടതാണ്.
- ശ്വാസംമുട്ട് അനുഭവപ്പെടുന്നവർ ഉടൻ തന്നെ എമർജൻസി വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.