ഖത്തർ: വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് മുൻകരുതൽ നിർദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

Qatar

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഇത്തരം നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മന്ത്രാലയം ഈ നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആവർത്തിച്ചത്.

വാണിജ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകളെക്കുറിച്ചും, ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഖത്തറിലെ വാണിജ്യ കേന്ദ്രങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ:

  • ഇത്തരം കേന്ദ്രങ്ങളിലെ സന്ദർശകരുടെ എണ്ണം പരമാവധി ശേഷിയുടെ 50 ശതമാനമാക്കിയിട്ടുണ്ട്.
  • മാളുകളിലും മറ്റുമുള്ള ഭക്ഷണശാലകളിലെ ഉപഭോക്താക്കളുടെ എണ്ണം പരമാവധി ശേഷിയുടെ 30 ശതമാനമാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഇടങ്ങളിൽ ഒരു മേശയിൽ പരമാവധി 5 പേർക്ക് മാത്രമാണ് ഇരിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
  • മാളുകളിലും മറ്റുമുള്ള വിനോദ കേന്ദ്രങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ തുറക്കില്ല.
  • മാളുകളിലേക്ക് പ്രവേശിക്കുന്നതിന് മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
  • 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്നവരെ ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നതല്ല.
  • ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് ഖത്തറിലെ COVID-19 സ്മാർട്ട് ആപ്പ് ആയ Ehteraz-ൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ഖത്തറിലെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെത്തുന്നവർ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ:

  • സന്ദർശകർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
  • കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
  • മുഴുവൻ സമയവും മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത് 1.5 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണ്ടതാണ്. ഉപഭോക്താക്കൾ തങ്ങളുടെ ആവശ്യങ്ങൾ കഴിഞ്ഞ ഉടൻ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് മടങ്ങേണ്ടതാണ്.