സാമൂഹിക ഒത്ത് ചേരലുകളിൽ പുലർത്തേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

Qatar

കൊറോണ വൈറസ് പശ്ചാത്തലത്തിൽ സാമൂഹിക ചടങ്ങുകളിലും, മറ്റു ഒത്ത് ചേരലുകളിലും പങ്കെടുക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഇത്തരം നിർദ്ദേശങ്ങളെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് മന്ത്രാലയം ഈ നിർദ്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആവർത്തിച്ചത്.

സാമൂഹിക ചടങ്ങുകളിലും മറ്റും പങ്കെടുക്കുന്നവരുടെ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകളെക്കുറിച്ചും, ഇത്തരം ചടങ്ങുകൾക്കായി ഒത്ത് ചേരുന്നവർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

സാമൂഹിക ചടങ്ങുകളിലും, ഒത്ത് ചേരലുകളിലും നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ:

  • വീട്, ഹാളുകൾ മുതലായ ഇടങ്ങൾക്കകത്ത് വെച്ച് നടത്തുന്ന ചടങ്ങുകളിൽ പരമാവധി 15 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. തുറന്ന ഇടങ്ങളിൽ പരമാവധി 30 പേർക്ക് സാമൂഹിക ഒത്ത്‌ ചേരലുകളിൽ പങ്കെടുക്കാവുന്നതാണ്.
  • മുഴുവൻ പേർക്കും മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
  • 38 ഡിഗ്രിയിൽ കൂടുതൽ ശരീരോഷ്മാവ് പ്രകടമാക്കുന്നവരെ ഇത്തരം ഒത്ത് ചേരലുകളിൽ പങ്കെടുപ്പിക്കരുത്.

സാമൂഹിക ചടങ്ങുകളിലും, ഒത്ത് ചേരലുകളിലും പങ്കെടുക്കുന്നവർ പാലിക്കേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ:

  • സാമൂഹികമായി ഒത്ത് ചേരുന്നവർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്.
  • അഭിവാദനം ചെയ്യുന്നതിനായി ഹസ്തദാനം, ആലിംഗനം തുടങ്ങിയ പരസ്പരം സ്പർശിക്കുന്ന രീതികൾ ഒഴിവാക്കേണ്ടതാണ്.
  • മുഴുവൻ സമയവും മറ്റുള്ളവരിൽ നിന്ന് ചുരുങ്ങിയത് 1.5 മീറ്ററെങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ഇത്തരം ചടങ്ങുകൾ കഴിയുന്നതും തുറന്ന ഇടങ്ങളിൽ സംഘടിപ്പിക്കാൻ ശ്രമിക്കേണ്ടതാണ്.

രാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ചും ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.