പ്രശസ്ത ജാപ്പനീസ് ആർട്ടിസ്റ്റ് യായോയ് കുസാമയുടെ ‘മൈ സോൾ ബ്ലൂം ഫോർഎവർ’ എന്ന പ്രത്യേക പ്രദർശനം ആരംഭിച്ചതായി ഖത്തർ മ്യൂസിയംസ് അറിയിച്ചു. 2022 നവംബർ 23-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യായോയ് കുസാമയുടെ ജനപ്രീതിയാര്‍ജ്ജിച്ച കലാരൂപങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്രദർശനം മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് പാർക്കിലാണ് ഒരുക്കിയിരിക്കുന്നത്. 2022 നവംബർ 22 മുതൽ 2023 മാർച്ച് 1 വരെയാണ് ഈ പ്രദർശനം.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് പാർക്ക് ദോഹയിൽ പൊതുജനങ്ങൾക്കിടയിൽ ഒത്ത് ചേരുന്നതിനുള്ള ഒരു പ്രിയപ്പെട്ട ഔട്ഡോർ കേന്ദ്രമാണെന്നും, ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഈ കലാസൃഷ്‌ടികളിൽ വിനോദരൂപത്തിലുള്ളവയും, ജനപ്രീതിയാര്‍ജ്ജിച്ചവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ H.E. ഷെയ്‌ഖ അൽ മയാസ ബിൻത് ഹമദ് അൽ താനി അറിയിച്ചു.
ലോകത്തെ ഏറ്റവും ദീർഘവീക്ഷണം പുലർത്തുന്ന കലാകാരന്മാരിൽ ഉൾപ്പെടുന്ന യായോയ് കുസാമയുടെ ഈ കലാസൃഷ്‌ടികൾ ഫിഫ ലോകകപ്പ് കാണാനെത്തുന്ന സന്ദർശകർക്ക് മുന്നിൽ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് പാർക്കിനെ ഒരു മായികകേന്ദ്രമാക്കി മാറ്റിയതായി അവർ കൂട്ടിച്ചേർത്തു.
ഈ പ്രദർശനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന വലിയ രൂപത്തിലുള്ള കലാസൃഷ്‌ടികൾ മേഖലയിൽ ആദ്യമായാണ് പ്രദർശിപ്പിക്കുന്നത്. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനുള്ള യായോയ് കുസാമയുടെ പ്രത്യേകത എടുത്ത് കാട്ടുന്നതാണ് ഈ കലാസൃഷ്‌ടികൾ.
വര്‍ണശബളമായതും, അപൂര്‍വ്വ ചെടികളുടെ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതുമായ ഈ കലാസൃഷ്‌ടികളിൽ കലാകാരിയുടെ ജനപ്രീതിയാര്‍ജ്ജിച്ച പോൾക്ക ഡോട്ട് രചനാരീതി ദർശിക്കാവുന്നതാണ്.