ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഖത്തർ അധികൃതർ സ്ഥിരീകരണം നൽകി

featured GCC News

2022 സെപ്റ്റംബർ 15 മുതൽ 13 വിമാനക്കമ്പനികൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2022 സെപ്റ്റംബർ 13-ന് വൈകീട്ട് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഇത് സംബന്ധിച്ച് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഖത്തർ ന്യൂസ് ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് നൽകിയിട്ടുള്ള അറിയിപ്പ് പ്രകാരം 2022 സെപ്റ്റംബർ 15 മുതൽ 2022 ഡിസംബർ 30 വരെയുള്ള കാലയളവിൽ താഴെ പറയുന്ന വിമാനക്കമ്പനികൾ ദോഹയിലേക്കും, തിരികെയുമുള്ള യാത്രാസേവനങ്ങൾ ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് നൽകുന്നതാണ്:

  • Air Arabia
  • Air Cairo
  • Badr Airlines
  • Ethiopian Airlines
  • Etihad Airways
  • Flydubai
  • Himalaya Airlines
  • Jazeera Airways
  • Nepal Airlines
  • Pakistan International Airlines
  • Pegasus Airlines
  • SalamAir
  • Tarco Aviation

ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ അറൈവൽ ടെർമിനൽ ദോഹയിലെ സി-റിംഗ് റോഡിലെ റാസ് അൽ അബൗദിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ടെർമിനലിലേക്ക് സിറ്റി സെന്ററിൽ നിന്ന് മെട്രോ ഗോൾഡ് ലൈൻ (നാഷണൽ മ്യൂസിയം മെട്രോ സ്റ്റേഷൻ), ടാക്സി, ബസ് എന്നിവ ഉപയോഗിച്ച് എത്താവുന്നതാണ്.

ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ടെർമിനൽ ദോഹയിലെ ഡി-റിംഗ് റോഡ്, അൽ മനാർ സ്ട്രീറ്റ് എന്നിവയുടെ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്ന ഓൾഡ് എയർപോർട്ട് ഏരിയയിലാണ്. ഈ ടെർമിനലിലേക്ക് മെട്രോ റെഡ് ലൈൻ (അൽ മതർ അൽ ഖദീം മെട്രോ സ്റ്റേഷൻ), ടാക്സി, ബസ് എന്നിവ ഉപയോഗിച്ച് എത്താവുന്നതാണ്.

ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ രണ്ട് ടെർമിനലുകളിലും കാർ പാർക്കിംഗ് സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിനെത്തുന്ന ഫുട്ബാൾ ആരാധകരുടെ തിരക്ക് കണക്കിലെടുത്ത് ദോഹ ഇന്റർനാഷണൽ എയർപോർട്ടിന്റെ (DIA) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തറിലേക്ക് സർവീസ് നടത്തുന്ന വിവിധ വ്യോമയാന കമ്പനികൾ നേരത്തെ അറിയിച്ചിരുന്നു.

Cover Image: Doha International Airport in 2008 (Source: WikiMedia Commons)