ഫിഫ വേൾഡ് കപ്പ് 2022: ഖത്തർ പോസ്റ്റ് പുതിയ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

featured GCC News

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ ഏഴാം ശ്രേണിയിലെ സ്റ്റാമ്പുകൾ പുറത്തിറക്കിയതായി ഖത്തർ പോസ്റ്റ് അറിയിച്ചു. 2022 സെപ്തംബർ 10-നാണ് ഖത്തർ പോസ്റ്റ് ഇക്കാര്യം അറിയിച്ചത്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള 32 പ്രത്യേക സ്റ്റാമ്പുകളാണ് ഒഫീഷ്യൽ ഗ്രൂപ്പ് ടീംസ് സ്റ്റാമ്പ് എന്ന രീതിയിൽ പുറത്തിറക്കിയിരിക്കുന്നത്. വിന്ദം ഗ്രാൻഡ് ദോഹ വെസ്റ്റ് ബേ ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

Source: Qatar Post.

ഏഴാം ശ്രേണിയിൽ ആകെ 20000 സ്റ്റാമ്പുകൾ, 2000 ഫോൾഡറുകൾ, 3000 ഫസ്റ്റ് ഡേ കവറുകൾ എന്നിവയാണ് പുറത്തിറക്കിയിരിക്കുന്നത്.

Source: Qatar Post.
Source: Qatar Post.
Source: Qatar Post.
Source: Qatar Post.

ഒരു റിയാൽ മൂല്യമുള്ള 32 സ്റ്റാമ്പുകൾ ഉൾപ്പെടുന്ന ഈ സെറ്റ് 32 റിയാലിനാണ് ഖത്തർ പോസ്റ്റ് വിപണനം ചെയ്യുന്നത്.

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ല ഈബ് എന്ന ലോകസഞ്ചാരിയായ കാർട്ടൂൺ കഥാപാത്രത്തെ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക സ്മാരക സ്റ്റാമ്പ് ഖത്തർ പോസ്റ്റ് നേരത്തെ പുറത്തിറക്കിയിരുന്നു.

ഫിഫയും, ഖത്തർ പോസ്റ്റും തമ്മിലേർപ്പെട്ടിട്ടുള്ള കരാറിന്റെ അടിസ്ഥനത്തിൽ 2021 മുതൽ 2022 വരെയുള്ള കാലയളവിൽ ഖത്തർ പോസ്റ്റ് പ്രത്യേക ഫിഫ ലോകകപ്പ് സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതാണ്. ലോകകപ്പ് ആരംഭിക്കുന്നതിലേക്ക് നയിക്കുന്ന ദിനങ്ങളിലെ വിവിധ പ്രധാന സംഭവങ്ങൾ ഈ സ്റ്റാമ്പുകളിലൂടെ ആഘോഷിക്കുന്നതിനും, ഇതോടൊപ്പം ഖത്തറിലെ ഫുട്ബോൾ ചരിത്രം സ്റ്റാമ്പുകളിലൂടെ അടയാളപ്പെടുത്തുന്നതിനും ഇതിലൂടെ അധികൃതർ ലക്ഷ്യമിടുന്നു.

ഈ ശ്രേണിയിൽ പെടുന്ന ആദ്യ രണ്ട് സ്റ്റാമ്പുകൾ ഖത്തർ പോസ്റ്റ് 2021 ഏപ്രിൽ 1-ന് പുറത്തിറക്കിയിരുന്നു. ഈ രണ്ട് സ്റ്റാമ്പുകളിൽ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഔദ്യോഗിക ചിഹ്നമാണ് മുദ്രണം ചെയ്തിട്ടുള്ളത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ രണ്ടാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ജൂലൈ 12-ന് ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. 2022 ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ വാസ്‌തുവിദ്യ ഉൾക്കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എട്ട് സ്റ്റാമ്പുകളാണ് രണ്ടാം ശ്രേണിയിൽ പുറത്തിറക്കിയിരുന്നത്.

ഫിഫ ലോകകപ്പ് ഔദ്യോഗിക സ്മാരക സ്റ്റാമ്പുകളുടെ മൂന്നാം ശ്രേണിയിലെ സ്റ്റാമ്പുകൾ 2021 ഡിസംബറിൽ ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു.

Image Source: Qatar Post.