ഖത്തർ പോസ്റ്റ് സംഘടിപ്പിക്കുന്ന കായികമത്സര ഇനങ്ങളുമായി ബന്ധപ്പെട്ട സ്മാരക സ്റ്റാമ്പുകളുടെ പ്രത്യേക പ്രദർശനം ആരംഭിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“കായികമത്സരങ്ങൾ എല്ലാവർക്കുമായി” എന്ന ആശയത്തിലൂന്നി നടത്തുന്ന ഈ പ്രദർശനം കായികമത്സര ഇനങ്ങൾ പ്രമേയമായി പുറത്തിറക്കിയിട്ടുള്ള സ്മാരക സ്റ്റാമ്പുകളെ ഉൾപ്പെടുത്തിയാണ് ഒരുക്കിയിരിക്കുന്നത്. ഈ പ്രദർശനം 2022 സെപ്റ്റംബർ 4 വരെ തുടരും.
ഖത്തർ സ്റ്റാമ്പ് സെന്ററുമായി സംയുക്തമായാണ് ഖത്തർ പോസ്റ്റ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നടന്ന പ്രധാന കായികമത്സരങ്ങളുമായി ബന്ധപ്പെടുത്തി പുറത്തിറക്കിയിട്ടുള്ള സ്മാരക സ്റ്റാമ്പുകളുടെ ചരിത്രം എടുത്ത് കാട്ടുന്ന രീതിയിലാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ, ചെസ്സ്, നീന്തൽ, ഹാൻഡ്ബാൾ, ടെന്നീസ് തുടങ്ങിയ വിവിധ മത്സരങ്ങളുമായി ബന്ധപ്പെട്ട സ്റ്റാമ്പുകളെ അടുത്തറിയാൻ ഈ പ്രദർശനം അവസരമൊരുക്കുന്നു. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.