ദോഹ മെട്രോയുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകൾ തയ്യാറാക്കുന്നതായി ഖത്തർ റെയിൽ

Qatar

ദോഹ മെട്രോയുടെ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തി 300 ബസ് സ്റ്റോപ്പുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായി ഖത്തർ റെയിൽ അറിയിച്ചു. ദോഹ മെട്രോ സ്റ്റേഷനുകളുടെ പരിസര പ്രദേശങ്ങളിൽ നിന്ന് എളുപ്പത്തിൽ മെട്രോലിങ്ക് ബസ് സേവനങ്ങൾ ഉപയോഗിക്കുന്നതിനു സഹായകമാകുന്ന രീതിയിലാണ് ഈ ബസ് സ്റ്റോപ്പുകൾ നിർമ്മിക്കുന്നതെന്ന് ഖത്തർ റെയിൽ വ്യക്തമാക്കി.

കടുംചുവപ്പ് നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഈ സ്റ്റോപ്പുകൾ സ്ഥിരം യാത്രികർക്ക് സ്റ്റേഷൻ പരിസരങ്ങളിലേക്ക് എത്തുന്നതിനും, അവിടെ നിന്ന് തിരികെ മടങ്ങുന്നതിനും ഏറെ സഹായകമായിരിക്കും. ദോഹ മെട്രോയുടെ ഏതാനം സ്റ്റേഷൻ പരിസരങ്ങളിൽ ഇത്തരം ബസ് സ്റ്റോപ്പുകൾ ഇതിനിടയില്‍ തന്നെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

ഖത്തറിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി സെപ്റ്റംബർ 1 മുതൽ ദോഹ മെട്രോ, മെട്രോലിങ്ക് ബസ് സർവീസുകൾ എന്നിവ പുനരാരംഭിച്ചിട്ടുണ്ട്. പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികരുമായാണ് സെപ്റ്റംബർ 1 മുതൽ ദോഹ മെട്രോ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുത്ത 17 റൂട്ടുകളിൽ രാവിലെ 6 മുതൽ രാത്രി 11 വരെയാണ് (ഞായർ മുതൽ ബുധൻ വരെ) മെട്രോലിങ്ക് ബസ് സർവീസുകൾ പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച്ച രാവിലെ 6 മുതൽ രാത്രി 11:59 വരെയും, വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11:50 വരെയുയും മെട്രോലിങ്ക് ബസ് സർവീസുകൾ ലഭ്യമാണ്.