ഖത്തർ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 152 പേർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തു

GCC News

രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 152 പേർക്കെതിരെ ബന്ധപ്പെട്ട അധികൃതർ പബ്ലിക് പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നവംബർ 12-ന് വൈകീട്ടാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിൽ 150 പേർ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തിയവരാണ്. ഫോണുകളിൽ ‘Ehteraz’ ആപ്പ് പ്രവർത്തനക്ഷമമാക്കുന്നതിൽ വീഴ്ച്ച വരുത്തിയതിനാണ് രണ്ട് പേർക്കെതിരെ നടപടി കൈക്കൊണ്ടിരിക്കുന്നത്. ഖത്തറിലെ പകർച്ചവ്യാധികൾ സംബന്ധിച്ച ക്യാബിനറ്റ് നിയമം ‘1990/ 17’-ലെ വകുപ്പുകൾ അനുസരിച്ചാണ് ഇത്തരം നിയമലംഘനങ്ങൾക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ തലത്തിലെ നടപടികൾക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിൽ പടിപടിയായുള്ള ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, അടച്ചുകെട്ടിയിട്ടുള്ള രീതിയിലുള്ള പൊതു ഇടങ്ങളിൽ മുഴുവൻ ജനങ്ങളും മാസ്കുകൾ ഉപയോഗിക്കണമെന്നത് നിർബന്ധമാണ്. ഇതിന് പുറമെ പള്ളികൾ, വിദ്യാലയങ്ങൾ, യൂണിവേഴ്സിറ്റികൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്.