COVID-19 സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും ഓർമിപ്പിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം

Qatar

കൊറോണ വൈറസ് സാഹചര്യത്തിൽ പൊതുസമൂഹം പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും, മാർഗ്ഗനിർദ്ദേശങ്ങളും ഖത്തർ ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ഓർമ്മപ്പെടുത്തി. പൊതുസമൂഹത്തിന്റെയും, ഓരോ വ്യക്തികളുടെയും, കുടുംബങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തു.

  • പൊതു ഇടങ്ങളിൽ ആളുകൾ തമ്മിൽ 1.5 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.
  • രോഗവ്യാപനം തടയുന്നതിനായി ഹസ്തദാനം മുതലായ രീതികൾ പിന്തുടരുന്നത് ഒഴിവാക്കണം.
  • മറ്റുള്ളവരുമായി ഇടപഴകുന്ന അവസരങ്ങളിലെല്ലാം മാസ്‌കുകൾ നിർബന്ധമായും ഉപയോഗിക്കണം.
  • കൊറോണാ വൈറസ് ട്രാക്കിംഗ് സ്മാർട്ട് ആപ്പ് നിർബന്ധമായും ഉപയോഗിക്കണം.
  • എല്ലാ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നവരുടെ ശരീരോഷ്മാവ് അളക്കുന്നതിനായി തെർമൽ സംവിധാനങ്ങൾ ഒരുക്കണം.
  • കൈകളുടെ ശുചിത്വം, സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവ രോഗം തടയുന്നതിന് നിർബന്ധമാണ്.
  • വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർ പൊതു ഇടങ്ങൾ കഴിയുന്നതും ഒഴിവാക്കണം.