ഖത്തർ: മെയ് 21 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഒട്ടുമിക്ക ഇടങ്ങളിലും മാസ്ക് ഒഴിവാക്കുന്നതിന് അനുമതി നൽകും

featured GCC News

രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ 2022 മെയ് 21, ശനിയാഴ്ച്ച മുതൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ 2022 മെയ് 18-ന് വൈകീട്ട് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാന പ്രകാരം 2022 മെയ് 21 മുതൽ ഖത്തറിലെ COVID-19 നിയന്ത്രണങ്ങൾ സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്:

  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കും. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിക്കുന്നതല്ല. EHTERAZ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് പരിശോധിച്ചായിരിക്കും പ്രവേശനം അനുവദിക്കുന്നത്.
  • രാജ്യത്ത് നടത്തുന്ന കോൺഫെറൻസുകൾ, എക്സിബിഷനുകൾ, മറ്റു പരിപാടികൾ എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് കൊണ്ട് സംഘടിപ്പിക്കേണ്ടതാണെന്ന നിബന്ധന തുടരും.
  • സർക്കാർ മേഖലയിലും, സ്വകാര്യ മേഖലയിലും മുഴുവൻ ജീവനക്കാർക്കും ഓഫീസുകളിൽ നിന്ന് ജോലി ചെയ്യുന്നതിന് നൽകിയിട്ടുള്ള അനുമതി തുടരും.
  • സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും COVID-19 വാക്സിൻ സ്വീകരിക്കാത്ത മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും നിർബന്ധമാക്കിയിട്ടുള്ള റാപിഡ് ആന്റിജൻ പരിശോധന ഒഴിവാക്കും.
  • രാജ്യത്തെ ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ള തീരുമാനത്തിൽ ഇളവ് അനുവദിക്കും. പൊതു ഗതാഗത സംവിധാനങ്ങൾ, ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ (സന്ദർശകർ, ജീവനക്കാർ തുടങ്ങിയ മുഴുവൻ വിഭാഗങ്ങൾക്കും) തുടങ്ങിയവ ഒഴികെയുള്ള ഇൻഡോർ പൊതു ഇടങ്ങളിൽ മാസ്കുകൾ നിർബന്ധമല്ല.
  • തങ്ങളുടെ തൊഴിലിന്റെ ഭാഗമായി തുറന്ന ഇടങ്ങളിൽ പൊതുജനങ്ങളുമായി ഇടപഴകാൻ ഇടവരുന്ന സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ആവശ്യമെങ്കിൽ മാസ്ക് ഒഴിവാക്കാവുന്നതാണ്. എന്നാൽ ഇൻഡോർ തൊഴിലിടങ്ങളിൽ പൊതുജനങ്ങളുമായി ഇടപഴകാൻ ഇടവരുന്ന ജീവനക്കാർക്ക് (സെക്യൂരിറ്റി ജീവനക്കാർ, റിസപ്ഷനിസ്റ്റ്, കാഷ്യർ തുടങ്ങിയ തൊഴിലെടുക്കുന്നവർ) മാസ്കുകൾ നിർബന്ധമാണ്.
  • വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.