ഖത്തർ: ഒക്ടോബർ 3 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ചില പൊതു ഇടങ്ങളിൽ മാസ്കുകൾ ഒഴിവാക്കാൻ അനുമതി

featured GCC News

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള തീരുമാനത്തിന് ക്യാബിനറ്റ് അംഗീകാരം നൽകിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഖത്തർ പ്രധാന മന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 29-ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുള്ളത്. ഈ തീരുമാനങ്ങൾ 2021 ഒക്ടോബർ 3, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഈ യോഗത്തിൽ രാജ്യത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് സംബന്ധിച്ച് ഖത്തർ സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ച ശുപാർശകൾ ക്യാബിനറ്റ് ചർച്ച ചെയ്തു. തുടർന്ന് ക്യാബിനറ്റ് ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന തീരുമാനങ്ങൾ അറിയിച്ചിട്ടുണ്ട്:

മാസ്കുകളുടെ ഉപയോഗം സംബന്ധിച്ചുള്ള പുതിയ നിബന്ധനകൾ:

അടച്ചിട്ടിട്ടുള്ള രീതിയിലുള്ള പൊതു ഇടങ്ങളിൽ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്. എന്നാൽ തുറന്ന രീതിയിലുള്ള പൊതു ഇടങ്ങളിൽ താഴെ പറയുന്ന ഇടങ്ങളിലൊഴികെ മാസ്കുകളുടെ ഉപയോഗത്തിൽ ഇളവ് നൽകിയിട്ടുണ്ട്:

  • ആളുകൾ ഒത്ത് ചേരുന്ന മാർക്കറ്റുകൾ, പ്രദർശനങ്ങൾ, മറ്റു ചടങ്ങുകൾ, പരിപാടികൾ എന്നിവ നടക്കുന്ന പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാസ്കുകൾ നിർബന്ധമാണ്.
  • പള്ളികൾ, സ്‌കൂൾ , യൂണിവേഴ്സിറ്റികൾ, ഹോസ്പിറ്റലുകൾ മുതലായവയുടെ പരിസരങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.
  • ആളുകളുമായി അടുത്തിടപഴകാനിടയുള്ള രീതിയിൽ പൊതു ഇടങ്ങളിൽ തൊഴിലെടുക്കേണ്ടി വരുന്ന ജീവനക്കാർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.

പൊതുവായ നിർദേശങ്ങൾ, സാമൂഹിക ഒത്ത്ചേരലുകൾക്കുള്ള ഇളവുകൾ എന്നിവ:

  • വീടിനു പുറത്തിറങ്ങുന്ന മുഴുവൻ പൗരന്മാരും, പ്രവാസികളും തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിർബന്ധമായും ‘EHTERAZ’ ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതും, ഈ ആപ്പ് പ്രയോഗക്ഷമമാക്കേണ്ടതുമാണ്.
  • പള്ളികളിൽ ദിവസ പ്രാർത്ഥനകളും, വെള്ളിയാഴ്ച്ച പ്രാർത്ഥനകളും തുടരും. എല്ലാ പ്രായവിഭാഗക്കാർക്കും പ്രവേശനം അനുവദിക്കും.
  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 30 പേർക്ക് വീടുകൾ, ഇൻഡോർ ഇടങ്ങൾ എന്നിവയിൽ ഒത്ത്ചേരാം. രണ്ട് ഡോസ് കുത്തിവെപ്പ് സ്വീകരിക്കാത്തവർ ഈ ഒത്ത് ചേരലുകളിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ പരമാവധി 5 പേർക്കാണ് ഇൻഡോറിൽ അനുമതി.
  • രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ള പരമാവധി 50 പേർക്ക് ഔട്ട്ഡോറിൽ ഒത്ത്ചേരാം. വാക്സിൻ സ്വീകരിക്കാത്തവരും, രണ്ട് ഡോസ് പൂർത്തിയാകാത്തവരുമായ പരമാവധി 10 പേർക്കാണ് വീടുകളുടെയും മറ്റും ഔട്ട്ഡോറിൽ ഒത്ത്ചേരാൻ അനുമതി.
  • വിവാഹ ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുള്ളത് തുടരും. ഇൻഡോർ ഹാളുകളിൽ പരമാവധി ശേഷിയുടെ 30 ശതമാനം പേർക്ക് (പരമാവധി 250 പേർ എന്ന രീതിയിൽ) ഇത്തരം ചടങ്ങിൽ പങ്കെടുക്കാം. ഇത്തരത്തിൽ പങ്കെടുക്കുന്നവരിൽ വാക്സിനെടുക്കാത്തവരായി പരമാവധി 20 പേർക്കാണ് അനുമതി. ഔട്ട്ഡോർ വേദികളിൽ പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് (പരമാവധി 400 പേർ എന്ന രീതിയിൽ) ഇത്തരം ചടങ്ങിൽ പങ്കെടുക്കാം. ഇത്തരം ഇടങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നവരിൽ വാക്സിനെടുക്കാത്തവരായി പരമാവധി 50 പേർക്കാണ് അനുമതി. വാക്സിനെടുക്കാത്തവർക്ക് ഇൻഡോർ, ഔട്ഡോർ വേദികളിലെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ് (6 വയസിനു മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും).
  • ഒരേ കുടുംബങ്ങളിൽ നിന്നുള്ള പരമാവധി 30 പേരടങ്ങുന്ന സംഘങ്ങൾക്ക് പാർക്ക്, ബീച്ച്, കോർണിഷ് എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ഈ പരിധി 20 ആയിരുന്നു. കളിയിടങ്ങൾ, പാർക്കുകളിലെ സ്പോർട്സ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാൻ അനുമതി നൽകും.
  • വാഹനങ്ങളിൽ പരമാവധി നാല് പേർക്ക് (ഡ്രൈവർ ഉൾപ്പടെ) മാത്രം അനുമതി എന്നത് തുടരും. ഒരേ കുടുംബത്തിൽ നിന്നുള്ളവർക്ക് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.

തൊഴിൽ മേഖലയിലെ ഇളവുകൾ:

  • സർക്കാർ മേഖലയിലെ തൊഴിലിടങ്ങളിൽ മുഴുവൻ ജീവനക്കാർക്കും നേരിട്ട് പ്രവേശനം അനുവദിക്കും.
  • സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ മുഴുവൻ ജീവനക്കാർക്കും നേരിട്ട് പ്രവേശനം അനുവദിക്കും.
  • സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളിൽ ബിസിനസ് മീറ്റിംഗുകളിൽ, പരമാവധി 30 പേർക്ക് വരെ പങ്കെടുക്കാമെന്ന തീരുമാനം തുടരും. ഇതിൽ കൂടുതൽ പേർ പങ്കെടുക്കേണ്ടതായ മീറ്റിംഗുകൾക്ക് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്.
  • സർക്കാർ മേഖലയിലെയും, സ്വകാര്യ മേഖലയിലെയും മുഴുവൻ ജീവനക്കാർക്കും ആഴ്ച്ച തോറും റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും പൂർത്തിയാക്കിയവർ, രോഗമുക്തി നേടിയവർ, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്തവർ (ഇത് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ റിപ്പോർട്ട് നിർബന്ധം) എന്നീ വിഭാഗങ്ങൾക്ക് ഈ പരിശോധന ഒഴിവാക്കിയിട്ടുണ്ട്.

വാണിജ്യ, വിനോദ മേഖലകളിലെ ഇളവുകൾ:

  • സിനിമാഹാളുകൾ, തീയറ്റർ എന്നിവ അമ്പത് ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. 75 ശതമാനം ഉപഭോക്താക്കളും COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം എന്ന നിബന്ധനയിലാണ് ഈ അനുമതി.
  • ലൈബ്രറി, മ്യൂസിയം എന്നിവ പ്രവർത്തിക്കും.
  • പ്രാദേശികവും, അന്താരാഷ്ട്ര തലത്തിലുള്ളതുമായ കായിക മത്സരങ്ങൾ തുറന്ന ഇടങ്ങളിൽ 75 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ടും, അടച്ചിട്ട ഇടങ്ങളിൽ 50 ശതമാനം കാണികളെ പങ്കെടുപ്പിച്ച് കൊണ്ടും സംഘടിപ്പിക്കാൻ അനുമതി. കാണികളിൽ 90% പേർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.
  • കോൺഫറൻസുകൾ, എക്സിബിഷനുകൾ മുതലായവയ്ക്ക് അനുമതി നൽകുന്നത് തുടരും. തുറന്ന ഇടങ്ങളിൽ 75 ശതമാനം സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ടും, അടച്ചിട്ട ഇടങ്ങളിൽ 50 ശതമാനം സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ടും സംഘടിപ്പിക്കാൻ അനുമതി. സന്ദർശകരിൽ 90% പേർ വാക്സിൻ സ്വീകരിച്ചവരായിരിക്കണം. വാക്സിനെടുക്കാത്തവർക്ക് റാപിഡ് ആന്റിജൻ പരിശോധന നിർബന്ധം.
  • ഷോപ്പിംഗ് മാളുകൾക്ക് പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാം. ഇവയിലെ ഫുഡ് കോർട്ടുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം.എല്ലാ പ്രായത്തിലുള്ളവർക്കും മാളുകളിൽ പ്രവേശനം അനുവദിക്കും.
  • ക്ലീൻ ഖത്തർ’ പദ്ധതിയുടെ കീഴിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷണശാലകൾക്ക് തുറന്ന ഇടങ്ങളിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. ഇത്തരം സ്ഥാപനങ്ങൾക്ക് ഇൻഡോറിൽ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി. മറ്റു ഭക്ഷണശാലകൾക്ക് തുറന്ന ഇടങ്ങളിൽ പരമാവധി 50 ശതമാനം ശേഷിയിലും, ഇൻഡോറിൽ 40 ശതമാനം ശേഷിയിലും പ്രവർത്തിക്കാം. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ സേവനം നൽകുന്നത്.
  • പരമ്പരാഗത മാർക്കറ്റുകൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
  • മൊത്തവ്യാപാര മാർക്കറ്റുകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം അനുവദിക്കും.
  • ബാർബർ ഷോപ്പ്, ബ്യൂട്ടി പാർലർ എന്നിവിടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 75 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാവുന്നതാണ്. മുഴുവൻ ജീവനക്കാരും, ഉപഭോക്താക്കളും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • തീം പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഔട്ട്ഡോർ മേഖലകൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ ഇടങ്ങളിൽ, 50 ശതമാനം ശേഷിയിൽ പ്രവേശനം അനുവദിക്കാം. ഇതിൽ 75 ശതമാനം സന്ദർശകർ വാക്സിനെടുത്തവരായിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
  • ഹെൽത്ത് ക്ലബ്, ജിം, ഫിറ്റ്നസ് ക്ലബ്, സ്പാ തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ നിന്ന്, വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായി, 75 ശതമാനം ശേഷിയിൽ സേവനങ്ങൾ നൽകാം. മുഴുവൻ ജീവനക്കാരും വാക്സിൻ സ്വീകരിച്ചിരിക്കണം.
  • ഔട്ട്ഡോർ സിമിങ്ങ് പൂളുകൾ, വാട്ടർ പാർക്ക് എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാം. ഇൻഡോർ സിമിങ്ങ് പൂളുകൾ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. 75 ശതമാനം സന്ദർശകർ വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. കുട്ടികൾക്ക് പ്രവേശനം അനുവദിക്കും. ഇവരെ വാക്സിനെടുക്കാത്ത 25 ശതമാനത്തിൽ ഉൾപ്പെടുത്തുന്നതാണ്.
  • സ്വകാര്യ മെഡിക്കൽ പരിചരണ കേന്ദ്രങ്ങൾ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കും. മുഴുവൻ ജീവനക്കാരും വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.

പൊതുഗതാഗത മേഖലയിലെ ഇളവുകൾ:

  • മെട്രോ, മറ്റു പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും.
  • ബസുകളിൽ പരമാവധി ശേഷിയുടെ 75 ശതമാനം പേർക്ക് അനുമതി.
  • ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനശേഷി 75 ശതമാനത്തിലേക്ക് ഉയർത്തും. ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാണ്.

വിദ്യാഭ്യാസ മേഖലയിലെ ഇളവുകൾ:

  • ട്രെയിനിങ്ങ് കേന്ദ്രങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ 75 ശതമാനം ശേഷിയിൽ പ്രവർത്തിപ്പിക്കാവുന്നതാണ്. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്. വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്ക് വാക്സിൻ നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് റാപിഡ് ആന്റിജൻ ടെസ്റ്റ് നിർബന്ധം.
  • നഴ്സറികൾ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും. അധ്യാപകർക്ക് വാക്സിനേഷൻ നിർബന്ധമാണ്.