ഖത്തർ: ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നു

featured GCC News

2021 ഏപ്രിൽ 29, വ്യാഴാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ ആറ് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്നും, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും ഈ തീരുമാനം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഏപ്രിൽ 26-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കാണ് ഏപ്രിൽ 29 മുതൽ ഖത്തർ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന വിമാനങ്ങളിലെ യാത്രികർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായെത്തുന്ന യാത്രികർക്കും ഈ നിബന്ധന ബാധകമാക്കിയിട്ടുണ്ട്.

ഏപ്രിൽ 29 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രികർക്ക് ബാധകമാകുന്ന യാത്രാ നിബന്ധനകൾ:

  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. യാത്ര പുറപ്പെടുന്ന രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത്തരം സാധുതയുള്ള നെഗറ്റീവ് COVID-19 PCR സർട്ടിഫിക്കറ്റുകളില്ലാത്തവരെ ഖത്തറിലേക്കുള്ള വിമാനങ്ങളിൽ പ്രവേശിപ്പിക്കുന്നതല്ല.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികരും നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിനു വിധേയരാകേണ്ടതാണ്. പ്രത്യേക ക്വാറന്റീൻ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് 10 ദിവസത്തെ ക്വാറന്റീനും, ‘Mekaines/Mukaynis’ കേന്ദ്രങ്ങളിൽ താമസിക്കുന്നവർക്ക് 14 ദിവസത്തെ ക്വാറന്റീനുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഹോം ക്വാറന്റീൻ അനുവദിക്കുന്നതല്ല. COVID-19 രോഗമുക്തരായവർ, COVID-19 വാക്സിനിന്റ എല്ലാ ഡോസുകളും പൂർത്തിയാക്കിയവർ എന്നീ വിഭാഗങ്ങൾക്ക് ക്വാറന്റീൻ ഒഴിവാക്കിയിട്ടുള്ള ഇളവുകൾ ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ ബാധകമല്ല.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന മുഴുവൻ യാത്രികരും, രാജ്യത്ത് പ്രവേശിച്ച ശേഷം ഒരു ദിവസത്തിനുള്ളിൽ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് ഒരു തവണ കൂടി COVID-19 PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇവർക്ക് ക്വാറന്റീൻ വേളയിലും, ക്വാറന്റീൻ അവസാനിപ്പിക്കുന്നതിന് മുൻപായും വീണ്ടും COVID-19 PCR ടെസ്റ്റ് നടത്തുന്നതാണ്.
  • ഈ രാജ്യങ്ങളിൽ നിന്നെത്തുന്ന, ഖത്തറിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിക്കുന്നവർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിൽ നേടിയ COVID-19 PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്. ഇവർക്ക് ഖത്തർ എയർപോർട്ടിൽ നിന്ന് യാത്ര തുടരേണ്ട രാജ്യത്ത് പ്രവേശിക്കുന്നതിന് COVID-19 PCR ടെസ്റ്റ് ആവശ്യമാണെങ്കിൽ 300 റിയാൽ നൽകി കൊണ്ട് ഹമദ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് തന്നെ ഈ ടെസ്റ്റ് നടത്താവുന്നതാണ്.

ഈ നിർദേശങ്ങൾ ഏപ്രിൽ 29-ന് 12:00 am (ദോഹ സമയം) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. സഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ ഈ നിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നതാണെന്നും ഖത്തർ ആരോഗ്യ മന്ത്രലയം വ്യക്തമാക്കിയിട്ടുണ്ട്.