രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സാധുതാ കാലാവധി 2022 ഫെബ്രുവരി 1 മുതൽ 9 മാസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ COVID-19 വാക്സിൻ സ്വീകരിച്ചവർക്ക് നേരത്തെ 12 മാസത്തെ വാക്സിനേഷൻ സാധുതാ കാലാവധിയാണ് നൽകിയിരുന്നത്.
വാക്സിനേഷൻ പൂർത്തിയാക്കിയ വ്യക്തികളിൽ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിന് ശേഷം COVID-19 വൈറസിനെതിരായ രോഗപ്രതിരോധ ശേഷി കുറയുന്നതായി മെഡിക്കൽ പഠനങ്ങളിൽ നിന്ന് തെളിഞ്ഞതിനെ തുടർന്നാണ് പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബർ 28-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനപ്രകാരം താഴെ പറയുന്ന വിവരങ്ങളാണ് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:
- ഈ തീരുമാനം 2022 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
- ഇതോടെ 2022 ഫെബ്രുവരി 1 മുതൽ ഫൈസർ, മോഡർന, ആസ്ട്രസെനേക എന്നീ വാക്സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 9 മാസം പൂർത്തിയാക്കിയവർക്ക് രോഗപ്രതിരോധ ശേഷി നേടിയതായുള്ള സ്റ്റാറ്റസ് നഷ്ടമാകുന്നതാണ്.
- ഇത്തരം വ്യക്തികളെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവരായി കണക്കാക്കുന്നതും, ഇവരുടെ Ehteraz ആപ്പിലെ വാക്സിനേഷൻ പൂർത്തിയാക്കിയതായി സൂചിപ്പിക്കുന്ന ഗോൾഡ് ഫ്രെയിം നഷ്ടമാകുന്നതുമാണ്.
- ഇവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതോടെ, ഇത്തരം വ്യക്തികൾക്ക് വാക്സിനേഷൻ സാധുതാ കാലാവധി വീണ്ടും നീട്ടി ലഭിക്കുന്നതും, Ehteraz ആപ്പിലെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായുള്ള ഗോൾഡ് ഫ്രെയിം സ്റ്റാറ്റസ് അടുത്ത 9 മാസത്തേക്ക് കൂടി തിരികെ ലഭിക്കുന്നതുമാണ്.