2021 മാർച്ച് 21 മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും നേരിട്ടെത്തുന്ന വിദ്യാർത്ഥികളുടെ ഹാജർനില 30 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.
മാർച്ച് 17-ന് രാത്രിയാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിശകലനം ചെയ്ത ശേഷം, ഖത്തർ ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് സംയുക്തമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
പൊതു സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി, വൈറസ് വ്യാപനം തടയുന്നതിനായാണ് രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ നേരിട്ടെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിന് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിദ്യാർഥികൾ നേരിട്ടെത്തുന്ന രീതിയും, ഓൺലൈൻ പഠന രീതിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര രീതിയിലുള്ള പഠനം രാജ്യത്തെ വിദ്യാലയങ്ങളിൽ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.