പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ, ഖത്തറിലെ വിദ്യാലയങ്ങളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ COVID-19 ടെസ്റ്റിംഗ് നടപ്പിലാക്കുമെന്ന് സർക്കാർ വക്താവ് ഡോ. അബ്ദുല്ല ആത്തിഫ് അൽ ഖാൽ അറിയിച്ചു. വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയം നടപ്പിലാക്കുന്ന വിവിധ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള മുൻകരുതൽ നടപടികളിലൂടെ വൈറസ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ഇടയിൽ നടത്തുന്ന പരിശോധനകൾ എല്ലാവർക്കും നിർബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്ന്, രക്ഷിതാക്കളുടെ അനുവാദം ലഭിക്കുന്നവർക്ക് മാത്രമാണ് COVID-19 ടെസ്റ്റിംഗ് നടപ്പിലാക്കുന്നത് എന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളിൽ ടെസ്റ്റിംഗ് നടത്തുന്നതിന് അനുവാദം നൽകുന്ന രക്ഷിതാക്കൾ ഇതിനായി പ്രത്യേക സമ്മതപത്രം നൽകേണ്ടതാണ്.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്നും അൽ ഖാൽ കൂട്ടിച്ചേർത്തു. ദിനവും 30% വിദ്യാർഥികൾ വിദ്യാലയത്തിൽ ഹാജരാകുന്ന നിലയിൽ നടപ്പിലാക്കുന്ന പുതിയ സമ്മിശ്ര പഠന സമ്പ്രദായ പ്രകാരം, വിദ്യാർത്ഥികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർക്ക് പൂർണമായും ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
2020-2021 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാരിലും COVID-19 ടെസ്റ്റുകൾ നടത്തിയതായും, ഏതാണ്ട് 98.5% ജീവനക്കാർക്കും രോഗബാധയില്ലാ എന്ന് ഉറപ്പാക്കിയതായും അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഖത്തറിലെ കിന്റർഗാർട്ടനുകൾ ഉൾപ്പടെ എല്ലാ വിദ്യാലയങ്ങളിലും, പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി, സെപ്റ്റംബർ 1 മുതൽ ഓൺലൈൻ വിദ്യാഭ്യസത്തെയും, ക്ലാസ്സ്മുറികളിൽ നിന്ന് നേരിട്ട് നൽകുന്ന വിദ്യാഭ്യാസ രീതിയെയും സംയോജിപ്പിക്കുന്ന സമ്മിശ്ര രീതിയിലുള്ള അധ്യയനമാണ് നടപ്പിലാക്കുന്നത്.