COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ള പട്ടികകൾ 2022 ജനുവരി 1 മുതൽ പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡിസംബർ 28-ന് രാത്രിയാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം റെഡ്, ഗ്രീൻ, ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികകളിൽ ഖത്തർ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങൾ 2022 ജനുവരി 1-ന് വൈകീട്ട് 7 മണിമുതൽ പ്രാബല്യത്തിൽ വരുമെന്നും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലെ ആഗോളതലത്തിലെ ആരോഗ്യ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഇത്തരം ഒരു തീരുമാനം.
2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:
- ഗ്രീൻ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/GREEN-LIST-COUNTRIES.pdf
- റെഡ് പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf
- ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക – https://covid19.moph.gov.qa/EN/Documents/PDFs/HIGH-RISK-LIST-COUNTRIES.pdf
പുതിയതായി പ്രഖ്യാപിച്ച ഗ്രീൻ പട്ടികയിൽ 159 രാജ്യങ്ങളും (നേരത്തെ 175 രാജ്യങ്ങൾ), റെഡ് പട്ടികയിൽ 47 (നേരത്തെ 23 രാജ്യങ്ങൾ) രാജ്യങ്ങളുമാണുള്ളത്. ഇന്ത്യ ഉൾപ്പടെ 9 രാജ്യങ്ങളെയാണ് (നേരത്തെ 16 രാജ്യങ്ങൾ) നിലവിൽ ഖത്തർ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2022 ജനുവരി 1 മുതൽ എക്സെപ്ഷണൽ റെഡ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങൾ:
- ഇന്ത്യ.
- ബംഗ്ലാദേശ്.
- ഈജിപ്ത്.
- നേപ്പാൾ.
- പാകിസ്ഥാൻ.
- ബോട്സ്വാന.
- ലെസോതോ.
- നമീബിയ.
- സിംബാബ്വെ.
2022 ജനുവരി 1 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള എക്സെപ്ഷണൽ റെഡ് പട്ടികയിലെ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ബാധകമാകുന്ന നിബന്ധനകൾ:
ഈ രാജ്യങ്ങളിൽ നിന്നുള്ള ഖത്തർ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കുള്ള നിബന്ധനകൾ:
- ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
- ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
- COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ് (ക്വാറന്റീൻ ഹോട്ടലിൽ വെച്ച്). ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ:
- ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള സന്ദർശകർക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
- ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആദ്യ ദിനം തന്നെ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
- വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് പ്രവേശനം നൽകുന്നതല്ല.
https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.