ഖത്തർ: ഗ്രീൻ പട്ടിക വിപുലീകരിച്ചു; യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തുന്നു

featured GCC News

ലോകരാജ്യങ്ങളെ COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് തരം തിരിക്കുന്നതിൽ മാറ്റം വരുത്തുന്നതായും, ഇനി മുതൽ രാജ്യങ്ങളെ ഗ്രീൻ, റെഡ് എന്നിങ്ങനെ രണ്ടായി തരം തിരിക്കുമെന്നും ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഒക്ടോബർ 3-നാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിന് പുറമെ ഇന്ത്യ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളെ രോഗബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ള ‘ഹൈ റിസ്ക്’ എന്ന പ്രത്യേക പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. 2021 ഒക്ടോബർ 6 മുതൽ ഈ പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതാണ്.

ഗ്രീൻ, റെഡ്, ഹൈ റിസ്ക് രാജ്യങ്ങളുടെ പുതുക്കിയ പട്ടിക താഴെ പറയുന്ന വിലാസങ്ങളിൽ ലഭ്യമാണ്:

നിലവിൽ ഗ്രീൻ പട്ടികയിൽ 188 രാജ്യങ്ങളും, റെഡ് പട്ടികയിൽ 15 രാജ്യങ്ങളുമാണുള്ളത്. ഇന്ത്യക്ക് പുറമെ ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാക്കിസ്ഥാൻ, ഇൻഡോനേഷ്യ, കെനിയ, സുഡാൻ എന്നീ രാജ്യങ്ങളെയാണ് ‘ഹൈ റിസ്ക്’ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ഖത്തറിലേക്കുള്ള യാത്രാ നിബന്ധനകളുടെ പൂർണ്ണ വിവരങ്ങൾ ലഭ്യമാണ്.

ഇന്ത്യ ഉൾപ്പടെയുള്ള ‘ഹൈ റിസ്ക്’ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഒക്ടോബർ 6 മുതൽ ബാധകമാകുന്ന പ്രവേശന നിബന്ധനകൾ:

പ്രവാസികൾക്കുള്ള നിർദ്ദേശങ്ങൾ:

  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള പ്രവാസികൾ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം 36 മണിക്കൂറിനിടയിൽ ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ, മുഴുവൻ ഡോസുകളും സ്വീകരിക്കാത്തവർ എന്നീ വിഭാഗങ്ങൾക്ക് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്.
  • COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്തവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആറാം ദിനത്തിൽ മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഇതിൽ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നവർക്ക് ഏഴാം ദിനം ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.

സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ:

  • ഖത്തർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള സന്ദർശകർക്ക് 2 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഉണ്ടായിരിക്കുന്നതാണ്.
  • ഇവർ യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ക്വാറന്റീൻ ചെയ്യുന്ന ഹോട്ടലിൽ നിന്ന് മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത സന്ദർശകർക്ക് പ്രവേശനം നൽകുന്നതല്ല.