ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഏപ്രിൽ 25 മുതൽ ഗാർഹിക ജീവനക്കാരുടെ എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കും

featured GCC News

2021 ഏപ്രിൽ 25, ഞായറാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഗാർഹിക ജീവനക്കാർ, സമാനമായ മറ്റു തസ്തികകൾ എന്നീ വിഭാഗങ്ങൾക്കുള്ള എൻട്രി വിസകളുടെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ 24-ന് രാത്രിയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം ഞായറാഴ്ച്ച മുതൽ ഇന്ത്യയിലെ ഖത്തർ വിസ കേന്ദ്രങ്ങളിൽ ഖത്തറിലേക്ക് വീട്ടുജോലിക്കാരായി തൊഴിലിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാർക്കും, സ്ത്രീകൾക്കും ഇതിനായുള്ള എൻട്രി വിസകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഈ കേന്ദ്രങ്ങളിൽ എത്തുന്നതിനുള്ള മുൻ‌കൂർ അനുമതി https://www.qatarvisacenter.com/home എന്ന വിലാസത്തിൽ ഖത്തർ വിസ സെന്റർ ഔദ്യോഗിക വെബ്സൈറ്റിലൂടെ നേടാവുന്നതാണ്. ഇന്ത്യയിൽ കൊച്ചി, ഡൽഹി, കൽക്കത്ത, മുംബൈ, ലക്നൗ, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളിൽ ഖത്തർ വിസ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്.