ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ 2024 മാർച്ച് 6, ബുധനാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്താൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു. ഈ കാലയളവിൽ ഏതാനം മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2024 മാർച്ച് 2-ന് രാത്രിയാണ് CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴ, ആലിപ്പഴ വർഷം എന്നിവ അനുഭവപ്പെടുമെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
മാർച്ച് 5-ന് 10 മുതൽ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് CAA അറിയിച്ചിട്ടുണ്ട്. മുസന്ദം ഗവർണറേറ്റിൽ ആലിപ്പഴ വർഷം, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഇത് മറ്റു ഗവർണറേറ്റുകളിലേക്കും വ്യാപിക്കാമെന്നും CAA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങൾ, അറബി കടലിന്റെ തീരമേഖലകൾ എന്നിവിടങ്ങളിൽ 2 മുതൽ 3 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.
ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ 15 മുതൽ 25 നോട്ട് വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്. ഇത് തുറന്ന പ്രദേശങ്ങളിലും, മരുഭൂ മേഖലകളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് കരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാദികളിലും, താഴ്വരകളിലും പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണ്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മാർച്ച് 4, തിങ്കളാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.